Crime

ഭർതൃമാതാവ് കിടന്നുറങ്ങുന്നത് തങ്ങൾക്കിടയിൽ, ഒന്നുകില്‍ കിഡ്നി തരണം, അല്ലെങ്കില്‍ 30 ലക്ഷം! സ്ത്രീധനപീഡനം വെളിപ്പെടുത്തി യുവതി

സ്ത്രീധനമായി 30 ലക്ഷം രൂപയോ അല്ലെങ്കിൽ വൃക്കയോ നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറംലോകത്തെ ഞെട്ടിക്കുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഈ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധന പീഡനത്തിനും വഞ്ചനയ്ക്കും എതിരെ നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി കഴിഞ്ഞ ജൂണിലായിരുന്നു യുവതിയുടെ വിവാഹം. വലിയ അളവിൽ സ്വർണാഭരണങ്ങളും എട്ടുലക്ഷം രൂപയും ഒരു ഥാർ ജീപ്പും വിവാഹസമയത്ത് സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ ഉടൻ തന്നെ താൻ വലിയൊരു ചതിയിൽ അകപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞു.

ലൈംഗിക ബന്ധത്തിന് താൽപര്യമില്ലാത്ത ഭർത്താവ് തന്നോട് മറ്റൊരു വിവാഹം കഴിക്കാൻ നിർദ്ദേശിച്ചതായും യുവതി പരാതിയിൽ പറയുന്നു. ഭർതൃമാതാവ് തങ്ങൾക്കിടയിൽ വന്ന് കിടന്നുറങ്ങുന്നതും ഭർതൃപിതാവ് അനുവാദമില്ലാതെ മുറിയിൽ കയറി ചിത്രങ്ങൾ പകർത്തുന്നതും യുവതിയെ മാനസികമായി തളർത്തി. ഭർത്താവിന്റെ താൽപര്യമില്ലായ്മയെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന കാര്യവും വ്യക്തമായത്.

രക്തസമ്മർദ്ദത്തിനുള്ള മരുന്നാണെന്ന് പറഞ്ഞ് നിഷാന്ത് ദിവസവും ധാരാളം ഗുളികകൾ കഴിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ഭർത്താവ് 2022 മുതൽ ഗുരുതരമായ വൃക്കരോഗത്തിന് ചികിത്സയിലാണെന്ന ഞെട്ടിക്കുന്ന സത്യം യുവതി കണ്ടെത്തിയത്. രണ്ട് വൃക്കകളും തകരാറിലായ അദ്ദേഹം ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തിയിരുന്നത് എന്ന വിവരം വീട്ടുകാർ വിവാഹസമയത്ത് മറച്ചുവെച്ചു.

ഭർത്താവിന്റെ രോഗവിവരത്തെക്കുറിച്ച് ചോദിച്ചതോടെയാണ് വീട്ടുകാർ തനിനിറം പുറത്തെടുത്തത്. നിഷാന്തിനായി യുവതിയുടെ ഒരു വൃക്ക നൽകണമെന്നും അതിന് തയ്യാറല്ലെങ്കിൽ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ വാങ്ങി വരണമെന്നും അമ്മായിയമ്മ ഭീഷണിപ്പെടുത്തി. ശാരീരികവും മാനസികവുമായ പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.