Health

ഹൃദയാഘാതം വന്നാൽ ചികിത്സയ്ക്ക് ഏകദേശം 10 ലക്ഷം! നിങ്ങളുടെ ഇൻഷുറൻസ് ഇതിന് മതിയാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദയാഘാതം നിങ്ങളുടെ ശരീരത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെയും കഠിനമായി ബാധിക്കുന്ന ഒന്നാണ്. നിലവിൽ ഇന്ത്യയിൽ ഒരു ഹൃദയസംബന്ധമായ അത്യാഹിതത്തെ അതിജീവിക്കുക എന്നത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.

ഹെൽത്ത് ഇൻഷുറൻസ് ഉണ്ടല്ലോ എന്ന് കരുതി പലരും ആശ്വസിക്കുമെങ്കിലും, വർദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകൾക്കിടയിൽ നിലവിലുള്ള പോളിസി തുക തികയാതെ വരുന്നതാണ് പലപ്പോഴും കാണാറുള്ളത്. ഇന്ത്യയിൽ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഹൃദയാഘാത ചികിത്സ ഒട്ടും കുറഞ്ഞ ചിലവിലുള്ളതല്ല. ആശുപത്രി, നഗരം, രോഗത്തിന്റെ തീവ്രത എന്നിവ അനുസരിച്ച് ഇതിന്റെ ചിലവ് മാറിക്കൊണ്ടിരിക്കും.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള സാധാരണ ചികിത്സകൾക്ക് മാത്രം 2.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ ചിലവ് വരാം. മറ്റ് സങ്കീർണ്ണതകൾ ഉണ്ടാവുകയാണെങ്കിൽ ഇത് 8 മുതൽ 10 ലക്ഷം രൂപ വരെയാകാൻ സാധ്യതയുണ്ട്. മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ബൈപാസ് സർജറിക്ക് 2 ലക്ഷത്തിന് മുകളിലാണ് നിരക്ക്. ഐ.സി.യു ചാർജ്, മരുന്നുകൾ, പരിശോധനകൾ എന്നിവ കൂടി ചേരുമ്പോൾ ഈ തുക ഇനിയും ഉയരും.

പലരും 3 മുതൽ 5 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പോളിസികളാണ് എടുക്കാറുള്ളത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത് ഒട്ടും പര്യാപ്തമല്ല. കൂടാതെ, മുറിവാടകയിലെ നിയന്ത്രണങ്ങൾ (Room rent limits), കോ-പേയ്മെന്റ് വ്യവസ്ഥകൾ തുടങ്ങിയ നിബന്ധനകൾ കാരണം ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും മുഴുവൻ തുകയും നൽകാറില്ല.

മുൻകാലങ്ങളിൽ പ്രായമായവരിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടിരുന്നതെങ്കിൽ, ഇന്ന് 30-കളിലും 40-കളിലും ഉള്ളവരിലും ഇത് വർദ്ധിച്ചുവരികയാണ്. ആരോഗ്യമേഖലയിലെ ചിലവുകൾ പ്രതിവർഷം 14 ശതമാനത്തോളം വർദ്ധിക്കുന്നു എന്നതും വലിയൊരു വെല്ലുവിളിയാണ്. സാധാരണ ഇൻഷുറൻസ് പോളിസികൾ ആശുപത്രി ബില്ലുകൾ നൽകുമ്പോൾ, ‘ക്രിട്ടിക്കൽ ഇൽനസ്’ പ്ലാനുകൾ എടുക്കുന്നത് കൂടുതൽ ഗുണകരമാണ്. ഇത്തരം പ്ലാനുകൾ ഉണ്ടെങ്കിൽ രോഗം സ്ഥിരീകരിച്ചാലുടൻ ഒരു നിശ്ചിത തുക കൈയ്യിൽ ലഭിക്കും. ഇത് ചികിത്സയ്ക്കും അതിനുശേഷമുള്ള വിശ്രമകാലത്തെ സാമ്പത്തിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

ഇൻഷുറൻസ് റെഗുലേറ്ററായ IRDAI-യുടെ പുതിയ നിയമങ്ങൾ പ്രകാരം ക്ലെയിം നടപടികൾ ഇപ്പോൾ കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്. എങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ നഗരങ്ങളിൽ താമസിക്കുന്നവർ 10 മുതൽ 25 ലക്ഷം രൂപ വരെയെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും ടോപ്പ്-അപ്പ് പ്ലാനുകൾ ഉപയോഗപ്പെടുത്തണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. ഇൻഷുറൻസ് എന്നത് ഒരിക്കൽ മാത്രം എടുത്ത് മാറ്റിവെക്കേണ്ട ഒന്നല്ല, കാലത്തിനനുസരിച്ച് അത് പുതുക്കുകയും തുക വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.