Celebrity

റാംപ് വോക്കിനിടെ പല്ലുകള്‍ ഇളകിപ്പോയി, പതറാതെ വേദിയിൽ; മിസ് ഗ്രാൻഡ് തായ്‌ലൻഡിലെ വൈറൽ നിമിഷം- വീഡിയോ

ഒരൊറ്റ നിമിഷം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിലെ ഒരു സുന്ദരി. പ്രിലിമിനറി റൗണ്ടിലെ പ്രസംഗത്തിനിടെ മത്സരാർത്ഥിയായ കമോൾവാൻ ചനാഗോയുടെ പല്ലിലെ വെനീറുകൾ ഇളകിപ്പോയതാണ് ഈ വൈറൽ നിമിഷത്തിന് കാരണം. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഈ നാണക്കേടിലും തളരാതെ, അതീവ ആത്മവിശ്വാസത്തോടെ സാഹചര്യം കൈകാര്യം ചെയ്ത കമോൾവാൻ ആരാധകരുടെ മനം കവർന്നു.

ജഡ്ജിമാർക്കും സദസ്സിനും മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പല്ലിലെ വെനീറുകൾ അയഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, പല്ല് ഇളകിയതും കമോൾവാൻ പെട്ടെന്ന് ഒന്ന് പതറുന്നത് കാണാം. എന്നാൽ ഉടൻ തന്നെ സദസ്സിൽ നിന്ന് തിരിഞ്ഞുനിന്ന് അത് ശരിയാക്കിയ അവർ, ഒന്നും സംഭവിക്കാത്തതുപോലെ പ്രകടനം തുടർന്നു. ഒരു തടസ്സവുമില്ലാതെ തന്റെ വാക്കും റാംപ് വോക്കും പൂർത്തിയാക്കിയ അവർ, മനോഹരമായ പുഞ്ചിരിയോടെ വേദി വിട്ടു.

ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. കമോൾവാന്റെ ആത്മവിശ്വാസത്തെയും പതറാത്ത പെരുമാറ്റത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. “മറക്കാനാവാത്ത നിമിഷം”, “അതിമനോഹരമായ തിരിച്ചുവരവ്”, “എന്ത് സംഭവിച്ചാലും നീ സുന്ദരിയാണ് റാണി” എന്നിങ്ങനെ പോകുന്ന ആരാധകരുടെ കമന്റുകൾ. ഇത്രയും വലിയൊരു വേദിയിൽ ഇത്തരമൊരു സാഹചര്യം ഇത്രയും ശാന്തമായി നേരിട്ട കമോൾവാനെ പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.