ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡ്രസിങ് റൂമിലും പിന്നീട് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഇടങ്ങളിലും താന്‍ നേരിട്ട അവഗണനയെക്കുറിച്ചും വംശീയാധിക്ഷേപങ്ങളെക്കുറിച്ചും അടുത്തിടെയാണ് മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ് ശിവരാമകൃഷ്ണന് തുറന്നടിച്ചത്.
ബി.സി.സി.ഐ. കമന്ററി പാനലില്‍നിന്നുള്ള ശിവരാമകൃഷ്ണന്റെ രാജി ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. കൗമാരപ്രായത്തില്‍ തന്നെ താന്‍ ഒരു മദ്യപാനിയും മയക്കുമരുന്നിന് അടിമയുമാണെന്ന തരത്തില്‍ പ്രചരിച്ച ആരോപണങ്ങള്‍ ജീവിതത്തെ സാരമായി ബാധിച്ചതിനെക്കുറിച്ചും ലക്ഷ്മണ് ശിവരാമകൃഷ്ണന് തുറന്നുപറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍തന്നെ ലഹരി മരുന്നിനും മദ്യത്തിനും അടിമയാണെന്ന തെറ്റായ പ്രചാരണങ്ങള്‍ വ്യക്തി ജീവിതത്തെയും വിവാഹസാധ്യതകളെയും സാരമായി ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കായി ക്രിക്കറ്റ് കളിച്ച താരമെന്ന പദവിയുണ്ടായിട്ടും വിവാഹം കഴിക്കാന്‍ ബുദ്ധിമുട്ടായെന്നും ചൂണ്ടിക്കാട്ടി.
ടീമിനൊപ്പമുള്ള പര്യടനങ്ങള്‍ 16 നും 19 വയസിനുമിടയിലായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ഒരു 19 വയസുകാരനെ മദ്യപാനിയെന്നും മയക്കുമരുന്നിന് അടിമയെന്നും വിളിക്കുന്നത് സങ്കല്പ്പിച്ചു നോക്കൂ- അദ്ദേഹം പറഞ്ഞു. മാതാപിതാക്കള്‍ പത്രത്തില്‍ നല്കിയ വിവാഹ പരസ്യത്തിന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു മറുപടി പോലും ലഭിച്ചില്ല എന്നതു വേദനിപ്പിച്ചു. കോവിഡ്-19 വൈറസ് മഹാമാരിയുടെ ലോക്ക് ഡൗണില്‍ മാനസികാരോഗ്യം മോശമായതും ശിവരാമകൃഷ്ണന് തുറന്നു പറഞ്ഞു.




