Crime

ലേബര്‍ റൂമിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ, 3,000 വീഡിയോകൾ; ദൃശ്യങ്ങൾ പകര്‍ത്തിയ ഡോക്ടര്‍ പിടിയിൽ

ഗുജറാത്തിലെ രാജ്കോട്ടിൽ പ്രസവമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടറെ പോലീസ് പിടികൂടി. ഡോക്ടർ കമൽ നന്ദയാണ് പിടിയിലായത്. സഹപ്രവർത്തകയായ വനിതാ ഡോക്ടറെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് പ്രതി ഈ ദൃശ്യങ്ങൾ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.

വനിതാ ഡോക്ടറോടുള്ള താൽപ്പര്യമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. പ്രതിയുടെ പക്കൽ നിന്ന് മൂവായിരത്തിലധികം വീഡിയോകളാണ് പോലീസ് കണ്ടെടുത്തത്. 2023 മുതൽ ഇയാൾ ഇത്തരത്തിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തി മെമ്മറി കാർഡുകൾ മാറ്റി സൂക്ഷിച്ചിരുന്നു.

ക്ലിനിക്കിലെ ലേബർ റൂമിലെ ലൈറ്റ് ഹോൾഡറിനുള്ളിൽ അതീവ രഹസ്യമായാണ് സ്പൈ ക്യാമറ ഒളിപ്പിച്ചത്. ലൈറ്റ് ഓൺ ചെയ്യുമ്പോൾ ക്യാമറ പ്രവർത്തിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ ക്രമീകരണം. സഹപ്രവർത്തകയായ വനിതാ ഡോക്ടറുടെയും മറ്റൊരു ഡോക്ടറുടെയും സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം അവ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ഇയാളുടെ നീക്കം.

ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 25 ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. ഇതിനോടകം 50,000 രൂപ ഇയാൾ കൈക്കലാക്കുകയും ചെയ്തു. ഭീഷണിപ്പെടുത്താനായി ചില പ്രാദേശിക ഇടനിലക്കാരെയും വ്യാജ മാധ്യമപ്രവർത്തകരെയും ഇയാൾ കൂട്ടുപിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പന്ത്രണ്ടോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.