കൊച്ചി: സേവ് ബോക്സ് തട്ടിപ്പ് കേസില്‍ എറണാകുളം പി.എം.എല്‍.എ. കോടതിയില്‍ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചു. നടന് ജയസൂര്യയെയും ഭാര്യ സരിതയെയും സാക്ഷിയാക്കിയാണ് കുറ്റപത്രം.
സേവ് ബോക്സിന്റെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന പേരിലും ആപ്പിന്റെ മറവിലും പലരില്‍നിന്നായി കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന കേസില്‍ സ്ഥാപന ഉടമ സ്വാതിക് റഹീം, സി. തസ്ലിം, സേവ് ബോക്സ് കമ്പനി എന്നിവരെ പ്രതിയാക്കിയാണ് കുറ്റപത്രം. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ.
തട്ടിപ്പിലൂടെ കമ്പനിയുണ്ടാക്കിയ പണത്തിന്റെ ഭാഗം പ്രതിഫലമായി കൈപ്പറ്റിയെന്നു കണ്ടെത്തിയാണ് ജയസൂര്യയ്ക്കെതിരേയും അന്വേഷണം നടന്നത്. രണ്ടു തവണ ജയസൂര്യയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഭാര്യ സരിതയെയും ഇ.ഡി. വിളിപ്പിച്ചിരുന്നു. ജയസൂര്യയുടെയും ഭാര്യയുടെയും പേരിലുള്ള 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി ഇ.ഡി. കണ്ടുകെട്ടുകയും ചെയ്തിരുന്നു.




