Featured Spotlight

എല്‍.പി.ജി ക്ഷാമം: മൊബൈല്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിച്ചേക്കാം

ന്യൂഡല്‍ഹി: എല്‍.പി.ജി ക്ഷാമം പാചക വാതക ക്ഷാമത്തിനു പുറമേ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിച്ചേക്കാമെന്നു റിപ്പോര്‍ട്ട്‌. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍, ഇന്റര്‍നെറ്റ്‌ കണക്‌റ്റിവിറ്റി തുടങ്ങിയ സേവനങ്ങളെ യുദ്ധം പരോക്ഷമായി സ്വാധീനിക്കുമെന്നാണു റിപ്പോര്‍ട്ട്‌.

ടെലികോം ടവറുകള്‍ക്കും ഡേറ്റാ സെന്ററുകള്‍ക്കും ഊര്‍ജം നല്‍കുന്ന ജനറേറ്ററുകള്‍ക്ക്‌ ബാക്കപ്പ്‌ ഇന്ധനമായി ഉപയോഗിക്കുന്നത്‌ എല്‍.പി.ജിയാണ്‌. വിതരണ തടസം തുടരുകയാണെങ്കില്‍, എല്‍.പി.ജി അടിസ്‌ഥാനമാക്കിയുള്ള ജനറേറ്ററുകളെ ആശ്രയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസം നേരിടേണ്ടി വന്നേക്കാം. ടെലികോം കമ്പനികള്‍ക്ക്‌ മറ്റ്‌ ഊര്‍ജ സ്രോതസുകള്‍ ഉണ്ടെങ്കിലും, നീണ്ടുനില്‍ക്കുന്ന ക്ഷാമം പ്രവര്‍ത്തന ചെലവ്‌ വര്‍ധിപ്പിക്കാനും ചില പ്രദേശങ്ങളില്‍ സേവന തടസങ്ങള്‍ക്കും കാരണമായേക്കാം.

ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക്‌ മുന്‍ഗണന നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന്‌ എണ്ണ കമ്പനികള്‍ ടെലികോം കമ്പനികള്‍ക്ക്‌ എല്‍.പി.ജി. നല്‍കുന്നത്‌ നിര്‍ത്തിവച്ചതായി ഡിജിറ്റല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ പ്രവൈഡേഴ്‌സ്‌ അസോസിയേഷന്‍ (ഡി.ഐ.പി.എ.) അറിയിച്ചു. നിലവില്‍, രാജ്യത്തുടനീളമുള്ള മൊബൈല്‍, ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്ക്‌ തടസങ്ങളൊന്നും നേരിടുന്നില്ല.

ശബ്‌ദ, ഡേറ്റാ സേവനങ്ങള്‍, 5ജി നെറ്റ്‌വര്‍ക്കുകള്‍, ദേശീയ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, അടിയന്തര പ്രതികരണ സംവിധാനങ്ങള്‍, ഡിജിറ്റല്‍ ഗവേണന്‍സ്‌ പ്ലാറ്റ്‌ഫോമുകള്‍, സാമ്പത്തിക ഇടപാടുകള്‍, ആരോഗ്യ സംരക്ഷണം, ടെലിമെഡിസിന്‍ എന്നിവയ്‌ക്ക്‌ തടസ്സമില്ലാത്ത ടെലികോം കണക്‌റ്റിവിറ്റി അനിവാര്യമാണെന്ന്‌ ഡി.ഐ.പി.എ. വ്യക്‌തമാക്കി.