Featured Sports

ദുബെയെന്ന ‘ധാരാളി’യുടെ 2 ഓവര്‍ പണിയായോ? വിൻഡീസിനെ മറികടക്കാനായില്ല; മഴ ചതിച്ചാല്‍ പണിപാളും !

ചെന്നൈ: സിംബാബ്‌വേയ്‌ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ശിവം ദുബെയുടെ ബൗളിങ് പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. രണ്ട് ഓവറില്‍ 46 റണ്ണാണ് ദുബെ വിട്ടുകൊടുത്തത്. ദുബെയുടെ പന്തുകളെ സിംബാബ്വേ ബാറ്റര്‍മാര്‍ നിര്‍ദാക്ഷിണ്യം അതിര്‍ത്തി കടത്തി.

വൈഡും നോബോളുമായി അധിക റണ്‍ നല്‍കാന്‍ ദുബെയും മത്സരിച്ചു. രണ്ട് നോബോളും നാല് വൈഡുകളുമാണ് ദുബെ എറിഞ്ഞത്. ഈ നോ ബോളുകള്‍ക്ക് പിന്നാലെ ”ഒരു നേട്ടവും” ദുബെയുടെ പേരിലായി. ട്വന്റി20 ലോകകപ്പുകളില്‍ ഏറ്റവുമധികം നോ ബോള്‍ എറിയുന്ന ഇന്ത്യന്‍ താരമെന്ന ”നേട്ടമാണ്” ദുബെ സ്വന്തമാക്കിയത്.

ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടിയിട്ടും 100 റൺസിന് മുകളിലുള്ള ജയം നേടാൻ സാധിക്കാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകാനും സാദ്ധ്യതയുണ്ട്. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ 108 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നെങ്കിൽ നെറ്റ് റൺറേറ്റിൽ വെസ്റ്റിൻഡീസിനെ പിന്നിലാക്കി ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു. സിംബാബ്‌വെയെ 148 റൺസിനുള്ളിൽ പുറത്താക്കാൻ സാധിച്ചിരുന്നെങ്കിൽ ഈ നേട്ടം കൈവരിക്കാമായിരുന്നുവെങ്കിലും ശിവം ദുബെ എറിഞ്ഞ രണ്ട് ഓവറുകൾ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

46 റൺസ് വഴങ്ങിയ ദുബെ, രണ്ട് നോ ബോളും നാല് വൈഡും ഉൾപ്പെടെ ഒരു ലോകകപ്പ് മത്സരത്തിലെ ആദ്യ രണ്ടോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന മോശം റെക്കോർഡും സ്വന്തമാക്കി. ബുംറയ്ക്കും ഹാർദിക്കിനും ഓവറുകൾ ബാക്കിയുള്ളപ്പോൾ സൂര്യകുമാർ യാദവ് ദുബെയെ പന്തേൽപ്പിച്ചത് തിരിച്ചടിയാവുകയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നിലനിർത്തിയ വിൻഡീസിനെതിരെയുള്ള ഞായറാഴ്ചത്തെ മത്സരം ഇന്ത്യയ്ക്ക് നിർണ്ണായകമായ ക്വാർട്ടർ ഫൈനൽ പോരാട്ടമായി മാറി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർ സെമിയിലെത്തും. എന്നാൽ മഴ പെയ്ത് മത്സരം ഉപേക്ഷിക്കേണ്ടി വരികയും പോയന്റ് പങ്കുവെക്കുകയും ചെയ്താൽ, മികച്ച റൺറേറ്റിന്റെ ആനുകൂല്യത്തിൽ ഇന്ത്യയെ മറികടന്ന് വെസ്റ്റിൻഡീസ് സെമി ഫൈനലിലേക്ക് യോഗ്യത നേടും.

ലോകകപ്പില്‍ ഇതുവരെ 62 പന്തുകള്‍ മാത്രമെറിഞ്ഞ ശിവം ദുബെയുടെ അഞ്ചാം നോ ബോളാണു പിറന്നത്. ട്വന്റി20 ലോകകപ്പില്‍ ഏറ്റവുമധികം നോ ബോള്‍ എറിഞ്ഞെന്ന മോശം നേട്ടം നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ മോണി മോര്‍ക്കലിന്റെ പേരിലാണ്. 12 നോ ബോളുകളാണു ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന മോണി എറിഞ്ഞത്. നോ ബോളിന്റെ പേരില്‍ മാത്രമല്ല, ഒരു രാജ്യാന്തര ട്വന്റി20 യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മോശം ‘എക്കോണമി (23.00) ‘യെന്ന നേട്ടവും ദുബെ സ്വന്തമാക്കി. ഹാര്‍ദിക് പാണ്ഡ്യ 492 പന്തുകളിലായി നാല് നോ ബോളുകളെറിഞ്ഞ് ഇന്ത്യക്കാരില്‍ രണ്ടാമനായി. രുദ്ര പ്രതാപ് സിങ് 174 പന്തുകളിലായി രണ്ട് നോ ബോളുകളെറിഞ്ഞു.

ദുബെയുടെ സഹ താരം അര്‍ഷദീപ് സിങ് 408 പന്തുകളില്‍ രണ്ടെണ്ണം നോ ബോളാക്കി. ജസ്പ്രീത് ബുംറ എറിഞ്ഞ 506 പന്തുകളിലും രണ്ടെണ്ണമാണു നോ ബോളായത്. മുന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ട്വന്റി20 ലോകകപ്പില്‍ ആകെ രണ്ട് നോബോളുകളാണ് എറിഞ്ഞത്. 510 പന്തുകളാണ് അശ്വിന്‍ എറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *