ഗുവാഹത്തി: കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയിയുടെ പാകിസ്താന് ബന്ധം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഗൊഗോയിക്കെതിരേ അസം മുഖ്യമന്ത്രി ഇന്നലെ വീണ്ടും വെടിപൊട്ടിച്ചത്.
ഗൊഗോയിയുടെ ഭാര്യ പാകിസ്താനുമായി രഹസ്യവിവരങ്ങള്‍ പങ്കിട്ടെന്ന ഗുരുതര ആരോപണമാണ് അന്വേഷണ റിപ്പോര്‍ട്ടിലെന്നും ഹിമന്ത.
അതേസമയം, ‘സി ഗ്രേഡ് സിനിമയേക്കാള്‍ തരംതാണത്’ എന്നായിരുന്നു ഹിമന്തയുടെ ആരോപണത്തില്‍ ഗൗരവ് ഗൊഗോയി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരുടെ ഗതികേടില്‍ ദുഃഖമുണ്ടെന്നും ഗൊഗോയി പറഞ്ഞു.
ഗൗരവ് ഗൊഗോയിയുടെ ബ്രിട്ടീഷ് വംശജയായ ഭാര്യ എലിസബത്ത് കോള്‍ബേണിന് പാകിസ്താനുമായും ഐ.എസ്.ഐയുമായും ബന്ധമുണ്ടായിരുന്നെന്നാണ് ഇന്നലെ ഹിമന്ത പറഞ്ഞത്. പാകിസ്താന് ആസൂത്രണ കമ്മിഷന്റെ മുന്‍ ഉപദേഷ്ടാവായ തൗഖീര്‍ ഷെയ്ക്കിന്റെ കീഴില്‍ ഇസ്ലാമാബാദില് അവര്‍ ജോലി ചെയ്തിരുന്നു. 44 പേജുള്ള എസ്.ഐ.ടി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഗൊഗോയിയുടെ ഭാര്യ തൗഖീര്‍ ഷെയ്ക്കുമായി രഹസ്യരേഖകള്‍ പങ്കിട്ടെന്നാണ്. പാകിസ്താനില്‍നിന്ന് അവര്‍ ശമ്പളം കൈപ്പറ്റിയിരുന്നു. മുന്‍ യു.എസ്. സെനറ്റര്‍ ടോം ഉദാളിന്റെയും ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെയും സഹായിയായും മുമ്പ് അവര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഗൊഗോയിയുടെ ഭാര്യ അട്ടാരി അതിര്‍ത്തിയിലൂടെയാണ് പാകിസ്താനിലേക്ക് പ്രവേശിച്ചിരുന്നത്. രഹസ്യാത്മകത നിലനിര്‍ത്താനാണിത്. ഗൊഗോയിയെ വിവാഹം കഴിച്ചശേഷം ഒമ്പത് തവണ അവര്‍ പാകിസ്താനിലേക്കു പോയി. ഗൊഗോയി കുടുംബത്തിലെ ഒരാള്‍ ഇടയ്ക്കിടെ പാക് സ്ഥാപനത്തിന് വിവരങ്ങള്‍ കൈമാറി സഹായിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു.
2013 ലെ പാകിസ്താന് യാത്രയ്ക്കിടെ ഗൊഗോയിക്കും ഭാര്യയ്ക്കും ലാഹോര്‍ സന്ദര്‍ശിക്കാന്‍ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പിന്നീട് ഇസ്ലാമാബാദും കറാച്ചിയും സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അനുമതി തരപ്പെടുത്തി. അതിനും ഗൊഗോയ് മറുപടി പറയണം- ഹിമന്ത ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനായി 2022-ല്‍ ഡല്‍ഹി പാസ്പോര്‍ട്ട് ഓഫീസില്‍ ഗൊഗോയ് തന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തതാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാസ്പോര്ട്ടില് കുട്ടി ഹിന്ദുവാണെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് നല്കിയപ്പോള് മതം എന്ന കോളം ശൂന്യമാക്കിയിരുന്നു. ഇക്കാര്യങ്ങളിലൊക്കെ നിലപാട് വ്യക്തമാക്കാന്‍ ഗൊഗോയിക്ക് 10 ദിവസത്തെ സമയം നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഗൊഗോയിയുടെ പാക് ബന്ധങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ സംരക്ഷിച്ചോ എന്ന ചോദ്യത്തിന്, ഗാന്ധി കുടുംബവുമായി അടുപ്പമുള്ളയാളാണ് ഗോഗോയ് എന്നായിരുന്നു മറുപടി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇക്കാര്യം പരിശോധിച്ച് ഉത്തരം നല്‍കണമെന്നും ബി.ജെ.പി. മുഖ്യമന്ത്രി പറഞ്ഞു.
ഗൊഗോയിക്കെതിരേ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയും സുതാര്യതയും പരിഗണിച്ചാണിത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ തൗഖീര്‍ ഷെയ്ക്ക് 13 തവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥര്‍ക്ക് ഗൊഗോയിയുടെ പാകിസ്താന് സന്ദര്‍ശനങ്ങളെക്കുറിച്ച് ഉത്തരം നല്കാന് കഴിയും. കാരണം ഡല്‍ഹിയുടെ സഹായമില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
അതേസമയം, ‘മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും കൈവശപ്പെടുത്തിയ 12,000 ബിഗാ ഭൂമി കണ്ടെത്തിയതിന്റെ പ്രതികാരമാണ് ഈ ആരോപണങ്ങളത്രയുമെന്ന് ഗൗരവ് ഗോഗോയ് പ്രതികരിച്ചു.




