Featured Sports

പടിക്കല്‍ ഉടച്ച്‌ നേപ്പാള്‍! ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി

വാങ്കഡെ: ട്വന്റി-20 ലോകകപ്പ്‌ ക്രിക്കറ്റില്‍ വമ്പന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി മിന്നും വിജയം നേടാനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി നേപ്പാള്‍. നാല്‌ റണ്‍സിനു ഇംഗ്ലണ്ട്‌ നേപ്പാളില്‍ നിന്നു പരാജയമേല്‍ക്കാതെ രക്ഷപ്പെട്ടു.

ലോകക്രിക്കറ്റില്‍ ‘ശിശുക്കളായ’ നേപ്പാള്‍ അവസാന ഓവറിലെ അവസാന പന്തുവരെ പൊരുതിയാണ്‌ കീഴടങ്ങിയത്‌. ഇംഗ്ലണ്ട്‌ മുന്നോട്ടുവച്ച 184 എന്ന സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ ഒരുഘട്ടത്തില്‍ നേപ്പാള്‍ മറികടന്ന്‌ വിജയിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സാം കരണ്‍ എന്ന അനുഭവ സമ്പത്തുള്ള ഓള്‍റൗണ്ടറിന്റെ അവസന ഓവറില്‍ നേപ്പാള്‍ ബാറ്റര്‍മാര്‍ക്ക്‌ കാഴ്‌ചക്കാരായി നില്‍ക്കാനേ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 20 ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്‌ടമാക്കി 187 റണ്‍സ്‌ നേടി. ഇഗ്ലണ്ടിനുവേണ്ടി ജേക്കബ്‌ ബതേല്‍ (55), ഹാരി ബ്രൂക്ക്‌ (53) എന്നിവര്‍ അര്‍ധശതകം കുറിച്ചു. ജോസ്‌ ബട്‌ലര്‍ (26), വില്‍ ജാക്‌സ് (39) എന്നിവരും മിക്കച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന്റെ കുശാല്‍ ബുര്‍തെല്‍ (29), ക്യാപ്‌റ്റന്‍ രോഹിത്‌ പൗഡേല്‍(39), ദീപേന്ദ്ര സിങ്‌ ഐരി (44), ലോകേഷ്‌ ബാം (39) എന്നിവര്‍ ചേര്‍ന്നു വീജയ തീരത്തേക്ക്‌ നയിച്ചെങ്കിലും കരപിടിക്കാനായില്ല. 180/6 എന്ന നിലയില്‍ നേപ്പാള്‍ ഇന്നിങ്‌സ് അവസാനിച്ചു.

സാം കരണ്‍ എറിഞ്ഞ അവസാന ഓവറില്‍ നാല്‌ വിക്കറ്റ്‌ ശേഷിക്കെ 10 റണ്‍സ്‌ മാത്രം മതിയായിരുന്നു നേപ്പാളിനു വിജയിക്കാന്‍. എന്നാല്‍ സൂഷ്‌മതയോടെ ബൗള്‍ ചെയ്‌ത സാം നേപ്പാള്‍ ബാറ്റര്‍മാരെ നിന്നു തിരിയാന്‍ സമ്മതിച്ചില്ല. സാമിന്റെ അവസാന പന്തില്‍ നേപ്പാളിനു ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 6 റണ്‍സാണ്‌. എന്നാല്‍ നേപ്പാള്‍ രണ്ട്‌ റണ്‍സ്‌ നേടി കീഴടങ്ങി. ഇനി കാത്തിരിക്കുന്നു മറ്റൊരു വമ്പനെ വിറപ്പിക്കാന്‍.