ഭോപ്പാൽ ∙ തുടർച്ചയായി തകരാറിലായ തന്റെ ഇ-റിക്ഷയുടെ അറ്റകുറ്റപ്പണികൾ നടത്താൻ കമ്പനിയും ഷോറൂമും വിസമ്മതിക്കുകയും മാസങ്ങളോളം ബുദ്ധിമുട്ടിക്കുകയും ചെയ്തതിൽ രോഷാകുലയായ യുവതി, വാഹനം വാങ്ങിയ അതേ ഏജൻസിക്കു മുന്നിൽ 2.5 ലക്ഷം രൂപയുടെ വാഹനത്തിന് തീയിട്ടു.
മധ്യപ്രദേശിലെ ശിവ്പുരിയിലാണ് സംഭവം. ഫക്കർ കോളനി നിവാസിയായ ഗുഡിയ മഹാഉർ ആണ് യുവതിയാണ് സ്വന്തം വാഹനത്തിന് തീയിട്ടത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇ-റിക്ഷയിൽ യുവതി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും ഇത് തിരക്കേറിയ മാർക്കറ്റ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഇ-റിക്ഷ കത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കൂലിപ്പണിക്കാരായ താനും ഭർത്താവ് നാരായൺ മഹാഉറും ചേർന്ന് ഏകദേശം ആറുമാസം മുൻപ് 2.50 ലക്ഷം രൂപയ്ക്ക് ഫൈനാൻസ് വഴിയാണ് ഇ-റിക്ഷ വാങ്ങിയതെന്ന് ഗുഡിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ദിവസക്കൂലിയിൽ നിന്ന് മോചനം നേടി, മൂന്നു മക്കൾ കൂടി ഉൾപ്പെടുന്ന കുടുംബത്തിന് സ്ഥിരവരുമാനം കണ്ടെത്താനുമാണ് വാഹനം വാങ്ങിയത്. വാങ്ങി രണ്ട് മാസം മാത്രമേ ഇ-റിക്ഷ ശരിയായി പ്രവർത്തിച്ചുള്ളൂ. കഴിഞ്ഞ നാലു മാസമായി തുടർച്ചയായി ഏജൻസിയെ സമീപിച്ച് നന്നാക്കിത്തരാൻ യാചിക്കുകയായിരുന്നു. അറ്റകുറ്റപ്പണി ചെയ്യുന്നതിന് പകരം, അവർ എന്നെ തിരിച്ചയച്ചുകൊണ്ടിരുന്നു. വാഹനം വീട്ടിൽ ഉപയോഗശൂന്യമായി കിടന്നതോടെ, വായ്പാ തിരിച്ചടവ് മുടങ്ങാതെയിരിക്കാൻ വീണ്ടും കൂലിപ്പണിക്ക് പോകേണ്ടി വന്നു. ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഏജൻസി തീർത്തുപറഞ്ഞതോടെ എനിക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു.’ – ഗുഡിയ മഹാഉർ പറഞ്ഞു.
എന്നാൽ, ആരോപണം ഷോറൂം അധികൃതർ നിഷേധിച്ചു. ഇ-റിക്ഷയ്ക്ക് ബാറ്ററി ഒഴികെ മറ്റു നിർമ്മാണ തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷോറൂം ഇൻചാർജ് ശുഭം ശർമ്മ അവകാശപ്പെട്ടു. ‘ബാറ്ററി പൊട്ടിത്തെറിച്ചതാണ്. പൊട്ടിയ ബാറ്ററിക്ക് പകരം പുതിയത് നൽകാൻ കമ്പനി വ്യവസ്ഥ ചെയ്യുന്നില്ല. അതു മാറ്റി നൽകാൻ വ്യവസ്ഥയില്ല. സ്വന്തം ചെലവിൽ പുതിയ ബാറ്ററി സ്ഥാപിക്കാൻ യുവതിയെ ഉപദേശിച്ചെങ്കിലും അവർ വിസമ്മതിച്ചു’ – ശുഭം ശർമ്മ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, യുവതിയെയും കത്തിനശിച്ച ഇ-റിക്ഷയും പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. വസ്തുത കണ്ടെത്താൻ ഇരുകൂട്ടരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. ഒന്നുകിൽ ഇ-റിക്ഷ പൂർണമായി നന്നാക്കി നൽകുകയോ അല്ലെങ്കിൽ പുതിയ വാഹനം നൽകുകയോ ചെയ്യണമെന്ന് ഗുഡിയ ആവശ്യപ്പെട്ടു. അതിനു കഴിയില്ലെങ്കിൽ, താൻ അടച്ച മുഴുവൻ തുകയും തിരികെ നൽകണമെന്ന് അവർ ആവശ്യപ്പെടുന്നു.




