ദുബായ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാകിസ്താന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. തീരുമാനത്തിന്റെ പ്രത്യാഘാതം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരിടേണ്ടി വരുമെന്ന് ഐ.സി.സി. മുന്നറിയിപ്പ് നല്‍കി.
15-നു കൊളംബോയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എ ഗ്രൂപ്പ് മത്സരം. പാകിസ്താന്‍ സര്‍ക്കാരാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. പാകിസ്താന്റെ ബഹിഷ്‌കരണ ഭീഷണിയില്‍ ഐ.സി.സി. നിലവില്‍ തീരുമാനമൊന്നുമെടുത്തില്ല. 12 മുഴുവന്‍ സമയ അംഗങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഐ.സി.സി. ബോര്‍ഡ് യോഗം ചേര്‍ന്നാണ് അനന്തര നടപടി തീരുമാനിക്കുക.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിക്കാത്തതിനാല്‍ ബോര്‍ഡ് യോഗത്തിനുള്ള അറിയിപ്പും നല്‍കിയിട്ടില്ല. പാകിസ്താന്റെ തീരുമാനവുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണെന്ന നിലപാടിലാണ് ഐ.സി.സി. ഏവര്‍ക്കും സ്വീകാര്യമായ പോംവഴി പാകിസ്താന്‍ കണ്ടെത്തുമെന്നു പ്രത്യാശിക്കുന്നതായും ഐ.സി.സി. വ്യക്തമാക്കി.
സര്‍ക്കാരിന്റെ നിര്‍ദേശം മൂലമാണു മത്സരം ബഹിഷ്‌കരിക്കുന്നതെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എക്‌സില്‍ കുറിച്ചിരുന്നു. ശ്രീലങ്കയിലേക്കു പോകാനുള്ള യാത്രാനുമതി നല്‍കിയെങ്കിലും ഇന്ത്യക്കെതിരേ മത്സരിക്കേണ്ടെന്നാണു പാക് സര്‍ക്കാരിന്റെ നിലപാട്. ഐ.സി.സി. ടൂര്‍ണമെന്റുകളുടെ പ്രധാന ആകര്‍ഷണം പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങളാണ്.
2012 മുതല്‍ ഐ.സി.സി. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇന്ത്യയും പാകിസ്താനും ദ്വിരാഷ്ട്ര പരമ്പരകള്‍ കളിച്ചിട്ടില്ല. ബഹിഷ്‌കരണം യാഥാര്‍ഥ്യമായാല്‍ ഫലമെന്താകുമെന്ന ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു. ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെ തങ്ങളുടെ പങ്കാളിത്തം ഉറപ്പില്ലെന്ന് പി.സി.ബി. ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി വ്യക്തമാക്കിയിരുന്നു.




