Featured Spotlight

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി; വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിനുപോയി. അഞ്ചൽ ഇ.എസ്.ഐ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് 18 പേർ വിവാഹത്തിനു പോയതെന്നാണ് ആശുപത്രിയിലെത്തിയവരുടെ ആരോപണം. ആശുപത്രി പൂട്ടി പോയതോടെ രോഗികൾ കഷ്ടത്തിലാവുകയും യുവജന സംഘടനകൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായെത്തുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ ജില്ലാ കലക്ടടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പുനലൂർ തഹസിൽദാർ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളപ്പിൽശാലയിൽ ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ ആളിക്കത്തുന്നതിനിടയിലാണ് പുതിയ വിവാദവും.

പുനലൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അറ്റന്‍ഡന്‍സ് രജിസ്റ്ററുള്‍പ്പെടെ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചതായി തഹസില്‍ദാര്‍ കണ്ടെത്തി. ജില്ലാ കളക്ടര്‍ക്ക് തഹസില്‍ദാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. 

അഞ്ചലിലെ ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറും  ജീവനക്കാരുമാണ് ആശുപത്രി അടച്ചിട്ട് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാര്‍ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ഒടുവില്‍ ജീവനക്കാരന്‍ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.