ജാതി ചോദിച്ചെത്തിയ സംഘത്തില്‍ നിന്നും “സദാചാര പൊലീസിംഗിൽ” നിന്നും രക്ഷപ്പെടാൻ രക്ഷപ്പെടാന്‍ പീറ്റ്സാ ഷോപ്പിന്റെ രണ്ടാംനിലയില്‍ നിന്നും യുവാവും യുവതിയും ചാടി . ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം കാന്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ബറേലി മോഡിന് സമീപമുള്ള പ്രശസ്തമായ ഒരു പിസ്സ കഫേയിലായിരുന്നു സംഭവം. താഴേക്ക് ചാടിയ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്.
ജാതി ചോദിച്ചുള്ള പീഡനം
പോലീസ് വൃത്തങ്ങളും ദൃക്സാക്ഷികളും നൽകുന്ന വിവരമനുസരിച്ച്, ഭക്ഷണം കഴിക്കാനായി കഫേയിലെത്തിയ ദമ്പതികൾ ഇൻസ്റ്റന്റ് നൂഡിൽസ് ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് ഒരു പ്രാദേശിക ഹിന്ദു സംഘടനയിലെ അംഗങ്ങളാണെന്ന് പറയപ്പെടുന്ന ഒരു സംഘം പുരുഷന്മാർ കഫേയിലേക്ക് ഇരച്ചുകയറി ഇവരെ സമീപിച്ചത്.
ദമ്പതികൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും എന്തിനാണ് അവിടെ വന്നതെന്നും സംഘം ചോദ്യം ചെയ്യാൻ തുടങ്ങി. തുടർന്ന് യുവാവിന്റെയും യുവതിയുടെയും ജാതി ചോദിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. തങ്ങൾ രണ്ടുപേരും ഹിന്ദുക്കളാണെന്ന് ദമ്പതികൾ ആവർത്തിച്ച് പറഞ്ഞിട്ടും സംഘം പിന്മാറാൻ തയ്യാറായില്ല.
‘‘സംഘം മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ ദമ്പതികൾ പരിഭ്രാന്തരായി, പരസ്യമായി അപമാനിക്കപ്പെടുമെന്നോ ശാരീരികമായി ആക്രമിക്കപ്പെടുമെന്നോ ഉള്ള ഭയത്താൽ തങ്ങൾ കുടുങ്ങിപ്പോയതായി അവർക്ക് തോന്നി.” ” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പുറത്തേക്കുള്ള വഴി സംഘം തടഞ്ഞതോടെ, ഒന്നാം നിലയിൽ കുടുങ്ങിയ യുവാവ് പരിഭ്രാന്തനായി. തുടർന്ന് ജനൽ കമ്പി മാറ്റി താഴേക്ക് ചാടുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയും ചാടി. 21 വയസ്സുകാരനായ യുവാവിനും 19 വയസ്സുകാരിയായ പങ്കാളിക്കും വീഴ്ചയിൽ സാരമായ പരിക്കേറ്റു.
വീഴ്ചയുടെ ആഘാതത്തിൽ ഇരുവരുടെയും എല്ലുകൾ ഒടിയുകയും ആന്തരിക പരിക്കുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കഫേ ജീവനക്കാരും മാനേജ്മെന്റും സ്ഥാപനം പൂട്ടി ഓടി രക്ഷപ്പെട്ടതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. പോലീസ് എത്തുമ്പോൾ കഫേ പൂട്ടിയ നിലയിലായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയതായി സൂപ്രണ്ട് ഓഫ് പോലീസ് (എസ്പി) രാജേഷ് ദ്വിവേദി സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ദമ്പതികളെ ചോദ്യം ചെയ്തു വരികയാണെന്നും എന്നാൽ ഇതുവരെ ഔദ്യോഗികമായി പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.




