ന്യൂഡല്‍ഹി: ഹരിയാന ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഫലാ സര്‍വകലാശാല നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലി(നാക്)നെയും യു.ജി.സിയെയും വ്യാജരേഖകള്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചതായി എന്‍ഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡല്‍ഹി സ്‌ഫോടനത്തിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സര്‍വകലാശാലയുടെ ചെയര്‍മാന്‍ ജാവദ് അഹമ്മദ് സിദ്ദിഖിക്കും അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ട്രസ്‌റ്റിനുമെതിരേ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചു.
വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ കബളിപ്പിച്ചെന്ന കേസില്‍ സിദ്ദിഖിനെ നവംബറില്‍ ഇ.ഡി. അറസ്‌റ്റ് ചെയ്‌തിരുന്നു.
സര്‍വകലാശാലയുടെ ഭൂമി, കെട്ടിടം എന്നിവ അടക്കം 140 കോടി രൂപയുടെ ആസ്‌തി എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കഴിഞ്ഞ ദിവസം അറ്റാച്ച് ചെയ്‌തിരുന്നു. നവംബര്‍ 10ന് ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായതിനെത്തുടര്‍ന്നാണു നടപടി.
വ്യാജ രോഗികളെ പ്രവേശിപ്പിക്കുക, നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്), യു.ജി.സി. അംഗീകാരങ്ങള്‍ക്കായി തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് അല്‍ ഫലാ ട്രസ്‌റ്റിനും ചെയര്‍മാനുമെതിരേയുള്ള ആരോപണങ്ങളില്‍ ചിലത്. ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഉമര്‍ ഉന്‍ നബി അടക്കമുള്ള ഡോക്‌ടര്‍മാരുടെ നിയമനം സര്‍വകലാശാലയുടെ മാനവവിഭവശേഷി വകുപ്പ് മേധാവി ഡോ. ജമീല്‍ ഖാന്‍ ശിപാര്‍ശ ചെയ്യുകയും ചെയര്‍മാന്‍ ജാവദ് അഹമ്മദ് സിദ്ദിഖിന്റെ അംഗീകാരത്തോടെ നടപ്പാക്കുകയുമായിരുന്നു എന്ന് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നു.
സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍, പ്രിന്‍സിപ്പല്‍ അടക്കമുള്ള മാനേജ്‌മെന്റ് ജീവനക്കാരില്‍നിന്നും റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണു ‘കടലാസില്‍ മാത്രമുള്ള’ ഡോക്‌ടര്‍മാരെ കണ്ടെത്തിയത്.
ഇ.ഡിയുടെ അന്വേഷണം സര്‍വകലാശാലയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യാണ് അന്വേഷിക്കുന്നത്.
അല്‍ ഫലായിലെ ഐടി വിഭാഗം ഉദ്യോഗസ്‌ഥനായ ഫര്‍ദീന്‍ ബേഗിന്റെ മൊഴിയും ഇ.ഡിയുടെ കുറ്റപത്രത്തിലുണ്ട്. മെഡിക്കല്‍ കോളജിലും ആശുപത്രിയിലും ‘വ്യാജ രോഗികളെ’ പ്രവേശിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
പരിശോധനകളുടെ സമയത്ത് രോഗികളുടെ തിരക്ക് ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണ് ഈ വ്യാജ രോഗികളെ നിയോഗിച്ചിരുന്നതെന്ന് ഇ.ഡി. അവകാശപ്പെടുന്നു. ആശാ വര്‍ക്കര്‍മാരുമായി സഹകരിച്ചാണ് വ്യാജരോഗികളെ എത്തിച്ചിരുന്നത്.
വ്യാജരോഗികളുമായുള്ള പണമിടപാടുകളുടെ രേഖകളും വിശദാംശങ്ങളും അല്‍ ഫലായുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കാംറാന്‍ ആലം സൂക്ഷിക്കുകയും ചെയര്‍മാന്‍ ജാവദ് അഹമ്മദ് സിദ്ദിഖിന്റെ അംഗീകാരം നേടുകയും ചെയ്‌തിരുന്നു. കൂടാതെ, വ്യാജ രോഗികള്‍ക്ക് രസീതുകളുടെ അടിസ്‌ഥാനത്തില്‍ പണം നേരിട്ട് നല്‍കിയിരുന്നതായും കണ്ടെത്തി.
പ്രോസിക്യൂഷന്‍ പരാതിയില്‍ വൈസ് ചാന്‍സലര്‍ ഭൂപീന്ദര്‍ കൗര്‍ ആനന്ദിന്റെ മൊഴിയും ഉള്‍പ്പെടുന്നു. ഭീകരാക്രമണക്കേസില്‍ പ്രതികളായ ഡോക്‌ടര്‍മാരായ ഡോ. മുസമില്‍ (ഒക്‌ടോബര്‍ 2021 മുതല്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റ്), ഡോ. ഷഹീന്‍ (ഒക്‌ടോബര്‍ 2021 മുതല്‍ ഫാര്‍മക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസര്‍), ഡോ. ഉമര്‍ നബി (മേയ് 2024 മുതല്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അസിസ്‌റ്റന്റ് പ്രഫസര്‍) എന്നിവരെല്ലാം തന്റെ കാലഘട്ടത്തിലാണ് നിയമിക്കപ്പെട്ടതെന്ന് അവര്‍ സ്‌ഥിരീകരിച്ചു.
നിയമനങ്ങള്‍ക്ക് അവസാന അംഗീകാരം നല്‍കിയത് സിദ്ദിഖിയാണെന്നും അവര്‍ മൊഴി നല്‍കി. ഈ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ യാതൊരു പോലീസ് പരിശോധനയോ അന്വേഷണമോ നടത്തിയിട്ടില്ല എന്നും അവര്‍ സ്‌ഥിരീകരിച്ചു. അല്‍ ഫലാ സര്‍വകലാശാലയുടെയും മെഡിക്കല്‍ കോളജിന്റെയും വെബ്‌സൈറ്റ് അപ്‌ഡേറ്റുകള്‍ നടത്തിയത് സ്വകാര്യ വ്യക്‌തികളായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്ക് ലഭിച്ച നിര്‍ദേശങ്ങള്‍ പ്രകാരമാണ് അത് ചെയ്‌തത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) മാനദണ്ഡങ്ങളും പരിശോധനകളും മറികടക്കാന്‍ വേണ്ടി ‘പേരിന് മാത്രം’ നിരവധി ഫാക്കല്‍റ്റി അംഗങ്ങളെ നിയമിച്ചതായി ഇ.ഡി. അവകാശപ്പെടുന്നു.
ചില പ്രഖ്യാപനങ്ങളില്‍ എന്‍.എം.സിക്ക് നല്‍കിയ വ്യാജ തസ്‌തികകളും ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു.’പേരിന് മാത്രംമുള്ള’ ഡോക്‌ടര്‍മാര്‍ സര്‍വകലാശാല/കോളജ് പേറോളില്‍ ഉള്ളവരാണെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ കോളജില്‍ പതിവായി വരുന്നവരോ ക്ലാസെടുക്കുന്നവരോ ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നവരോ അല്ല എന്നുമാണ് വൈസ് ചാന്‍സലറും (കൗര്‍) ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മുഹമ്മദ് റാസിയും ഇ.ഡിക്ക് മൊഴി നല്‍കിയത്.




