Featured Sports

ഷാമി വരുമോ? സഞ്ജുവും പന്തും പുറത്ത്? ഇഷാൻ കിഷന്‍ ഏകദിന ടീമിൽ തിരിച്ചെത്തിയേക്കും, റിപ്പോർട്ട്

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. തിരിച്ചുവരവ് പ്രതീക്ഷയില്‍ ഒരുപിടി താരങ്ങള്‍. ട്വന്റി-20 ലോകകപ്പിനു പിന്നാലെ 2027-ല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി)ന്റെ ഏകദിന ലോകകപ്പും എത്തുന്ന സാഹചര്യത്തില്‍ വെറ്ററന്‍ താരങ്ങളടക്കം നീലപ്പടയില്‍ ഇടംപിടിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിറംമങ്ങിയ ബൗളിങ് നിര അഴിച്ചുപണിയുമോയെന്നതിലാണ് എല്ലാവര്‍ക്കും ആകാംക്ഷ. ജോലിഭാരം കണക്കിലെടുത്ത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് കിവികള്‍ക്കെതിരേ വിശ്രമം അനുവദിച്ചേക്കുമെന്നാണു സൂചന.

പഴയ പടക്കുതിര മുഹമ്മദ് ഷാമിയാണ് ടീംവാതിലില്‍ മുട്ടുന്നവരില്‍ പ്രധാനി. ആഭ്യന്തര ക്രിക്കറ്റില്‍ തീപാറുന്ന ബൗളിങ് കാഴ്ചവച്ച് ആവനാഴിയിലെ അസ്ത്രങ്ങള്‍ക്കു മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു ഷാമി തെളിയിച്ചു കഴിഞ്ഞു. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്നു താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ സാക്ഷ്യം. കണക്കാലിനു പരുക്കേറ്റു ശസ്ത്രക്രിയയ്ക്കു വിധേയനായി മാസങ്ങളോളം ഷാമി കളത്തിനു പുറത്തായിരുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്‍പതിന് ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരേയായിരുന്നു ഷാമി ദേശീയ ടീമിനായി അവസാനം കളിച്ചത്. അതിനുശേഷം അടുത്തിടെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായത്. രഞ്ജി ട്രോഫിയിലും സയിദ് മുഷ്താഖ് അലി ട്രോഫിയിലും ഉള്‍പ്പെടെ പഴയ പ്രതാപത്തെ ഓര്‍മിപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് ഷാമി പുറത്തെടുത്തത്. മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനായി കളിച്ച ഷാമി സര്‍വീസസിനും ഹരിയാനയ്ക്കുമെതിരേ തകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവച്ചത്. രണ്ടു ടീമുകള്‍ക്കുമെതിരേ നാലുവിക്കറ്റ് വീതം വീഴ്ത്തിയാണ് താരം കളംവിട്ടത്. രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരേ രണ്ടും ചണ്ഡീഗഡിനെതിരേ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

സീസണില്‍ ഇതുവരെ കളിച്ച രഞ്ജി മത്സരങ്ങളിലാകെ 20 ഇരകളെ കണ്ടെത്തിയതും സെലക്ടര്‍മാര്‍ക്കു കാണാതിരിക്കാനാകില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന പരമ്പര ഇന്ത്യക്കു സ്വന്തമായെങ്കിലും ബൗളിങ് ആശാവഹമായിരുന്നില്ല. അതിനാല്‍ത്തന്നെ ഷാമിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാണ്.

ഗില്ലും അയ്യരും

പരുക്കേറ്റതിനെത്തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിച്ചിരുന്നില്ല. പകരം വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലാണ് ടീമിനെ നയിച്ചത്. ന്യൂസിലന്‍ഡിനെതിരേ ഗില്‍ തിരിച്ചെത്തുമെന്നുറപ്പാണ്.
ഫീല്‍ഡിങ്ങിനിടെ വാരിയെല്ലിനു പരുക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പരയും നഷ്ടമായേക്കും. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ നിരയില്‍ അയ്യരുണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, കായികക്ഷമത വീണ്ടെടുക്കാത്തത് അയ്യര്‍ക്കു തിരിച്ചടിയായി.

ഇതോടെ കഴിഞ്ഞ പരമ്പരയില്‍ താരത്തിനു പകരം ഇടംപിടിച്ച ഋതുരാജ് ഗെയ്ക്ക്‌വാദ് സ്ഥാനം നിലനിര്‍ത്തുമെന്നാണു സൂചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കന്നി സെഞ്ചുറി നേടി ഗെയ്ക്ക്‌വാദ് ഫോമിലാണെന്നു തെളിയിക്കുകയും ചെയ്തിരുന്നു. ഓപ്പണര്‍ സ്ഥാനത്തേക്ക് ദേവ്ദത്ത് പടിക്കലാണ് ദേശീയ ജഴ്‌സി സ്വപ്നം കാണുന്ന മറ്റൊരു താരം. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുംപ്രകടനമാണ് മറുനാടന്‍ മലയാളി താരത്തിന്റെ ആത്മവിശ്വാസത്തിന് അടിസ്ഥാനം. പക്ഷേ, രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും മികച്ച ഫോമിലാണെന്നതും ശുഭ്മന്‍ ഗില്ലിന്റെ മടങ്ങിവരവും പടിക്കലിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന ഘടകമാണ്.

ത്രിശങ്കുവില്‍ പന്ത്

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് മടങ്ങിവരവ് പ്രതീക്ഷയിലുള്ള മറ്റൊരു താരം. പക്ഷേ, കാര്യങ്ങള്‍ പന്തിന് അത്ര ശുഭകരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇടംകൈയന്‍ വെടിക്കെട്ട് ബാറ്റര്‍ക്ക് ഏകദിന ടീമില്‍ സ്ഥാനമുണ്ടായേക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഭ്യന്തര മത്സരങ്ങളില്‍ പ്രതീക്ഷിച്ചത്ര നിലവാരത്തിലേക്ക് ഉയരാതെ പോയതും മികച്ച ഒരുപിടി വിക്കറ്റ് കീപ്പര്‍മാര്‍ ദേശീയ ടീമില്‍ സ്ഥാനത്തിനായി ഇടിച്ചുനില്‍ക്കുന്നതും പന്തിന്റെ ടീമിലെ സ്ഥാനം തുലാസിലാക്കുന്നു. 2024 ഓഗസ്റ്റ് ഏഴിന് ശ്രീലങ്കയ്‌ക്കെതിരേയാണ് പന്ത് അവസാനം ഏകദിനം കളിച്ചത്. അതിനുശേഷം സൈഡ് ബെഞ്ചിലായിരുന്നു താരത്തിനു സ്ഥാനം. ഇക്കാലയളവിലെല്ലാം വിക്കറ്റിനു പിന്നില്‍ ഗ്ലൗസണിഞ്ഞത് കെ.എല്‍. രാഹുലായിരുന്നു.

രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നവരില്‍ ‘പോക്കറ്റ് ഡൈനാമോ’ ഇഷാന്‍ കിഷനാണ് പന്തിനു വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിഷന്റെ നായകത്വത്തില്‍ ഝാര്‍ഖണ്ഡ് ജേതാക്കളായത് സാധ്യത ഇരട്ടിയാക്കുന്നു. ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ച കിഷനെ ഏകദിനത്തിലും പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ക്കു താത്പര്യമുണ്ടെന്നാണ് സൂചന. ഇതോടെ പന്തിനൊപ്പം വഴിയടയുന്നവരില്‍ മലയാളിതാരം സഞ്ജു സാംസണുമുണ്ടെന്നത് മലയാളി ആരാധകരെ നിരാശരാക്കുന്ന ഘടകമാണ്. സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്‌ക്വാഡിലുള്ളപ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായാണ് കിഷാനെ ടീമിലെടുത്തത്. എന്നാൽ ഏകദിന പരമ്പരയിൽ സഞ്ജുവിനെ ടീമിലെടുക്കാൻ സാധ്യതയില്ലെന്നാണ് വിവരം.

മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഈമാസം 11ന് വഡോദരയിലാണ് പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്‌കോട്ടിലും 18ന് ഇന്‍ഡോറിലുമാണ് ശേഷിക്കുന്ന മത്സരങ്ങള്‍.