ഇന്‍സ്റ്റഗ്രാം വഴി പ്രണയത്തിലായ യുവതിയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹം 300 അടി താഴ്ചയുള്ള കൊക്കയില്‍ തള്ളി. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം സ്വദേശി ജി. വെങ്കിടേഷ് (22) ആണ് കാമുകി സുമതി (25)യെ കൊലപ്പെടുത്തിയത്. വിവാഹിതയായ യുവതിയുടെ താലി ഇയാള്‍ കൊറിയര്‍വഴി ഭര്‍ത്താവിന് അയച്ചുകൊടുത്തു.
രണ്ട് വര്‍ഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു സുമതി. ഇവരുടെ രണ്ട് കുട്ടികള്‍ ഭര്‍ത്താവായ ഷണ്മുഖനൊപ്പമാണുള്ളത്. സുമതിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെങ്കിടേഷ് അടുപ്പം സ്ഥാപിച്ചത്. ഏർക്കാടിന് സമീപമുള്ള ഒരു കാപ്പിത്തോട്ടത്തിൽ വച്ച് ഇരുവരും കാണാനെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുമതിയുടെ ഫോണിലേക്ക് വന്ന ഒരു കോളിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
സുമതി ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വെങ്കിടേഷ് സുമതിയുടെ കഴുത്തിലെ താലി ഊരിമാറ്റി. മൃതദേഹം ഒരു ചാക്കിലാക്കി ബൈക്കിൽ കയറ്റി ഏർക്കാട്-കുപ്പനൂർ ഘാട്ട് റോഡിലെ 300 അടി താഴ്ചയുള്ള കൊക്കയില്‍ തള്ളി. അതിനുശേഷമാണ് താലി ഷൺമുഖത്തിന് കൊറിയർ ചെയ്തത്.
താലി ലഭിച്ചതിനെത്തുടർന്ന് സംശയം തോന്നിയ ഷൺമുഖം പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊറിയർ അയച്ചത് വെങ്കിടേഷാണെന്ന് കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെ വെങ്കിടേഷ് കുറ്റം സമ്മതിച്ചു. ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് കൊക്കയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.




