നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി സ്വാഗതം ചെയ്ത് നടന് ഹരിശ്രീ യൂസഫ്. ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ ഇനിയും ക്രൂശിക്കരുത് എന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ഹരിശ്രീ യൂസഫ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിഷയം കത്തിനില്ക്കുമ്പോള് ‘ദിലീപ് ഷോ’യ്ക്കു വേണ്ടി അമേരിക്കയില്‍ പോയപ്പോഴുണ്ടായ വെല്ലുവിളികളും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ താരം വെളിപ്പെടുത്തി.
നടിയെ ആക്രമിച്ച സംഭവം നടന്നതിന് ശേഷം ദിലീപേട്ടന്റെ കൂടെ ഒരു അമേരിക്കന്‍ പര്യടനത്തിന് ഞാന്‍ പോകുകയുണ്ടായി. ദിലീപേട്ടന്, കാവ്യാ മാധവന്, നാദിര്‍ഷക്ക, നമിത പ്രമോദ്, പിഷാരടി, ധര്മ്മജന്, റിമി ടോമി,പാഷാണം ഷാജി എന്നിവരൊക്കെയാണ് അതിൽ ഉണ്ടായിരുന്നത്. ആ സമയത്തായിരുന്നു ഈ വിഷയങ്ങളൊക്കെ ഉണ്ടായത്.
ഈ വിഷയം ഭയങ്കരമായിട്ട് ഞങ്ങളുടെ ഷോയെ ബാധിച്ചു. കാരണം അവിടെ തന്നെ രണ്ട് വിഭാഗങ്ങളുണ്ടായി. ഒരു വിഭാഗം ദിലീപിനെ അമേരിക്കയിലേക്ക് കൊണ്ടുവരരുത്, ഈ പ്രോഗ്രാം നടക്കരുത് എന്ന പറയുന്നവര്‍. അത് പറ്റില്ല, യഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ അയാളെ കുറ്റപ്പെടുത്തരുത് എന്ന് പറയുന്ന മറ്റൊരു വിഭാഗവും. അങ്ങനെയാണ് ആ ഷോയ്ക്ക് വേണ്ടി പോകുന്നത് തന്നെ. ഈ ഷോ നടക്കുമോ എന്ന് തന്നെ വലിയ സംശയമായിരുന്നു.
അതിജീവിതയും ദിലീപേട്ടനും ഞങ്ങളുമൊക്കെ ഒന്നിച്ച് ലണ്ടന്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഷോ കളിക്കാന്‍ പോയിട്ടുണ്ട്. ദിലീപേട്ടനോട് ഇഷ്ടമുള്ളത് പോലെ അതുപോലെ ഇഷ്ടമാണ് അതിജീവിതയേയും. ആ കുട്ടിക്ക് ഇങ്ങനെ ഒരു സംഭവം വന്നപ്പോള്‍ ശരിക്ക് സങ്കടം വന്നു.
ഈ അമേരിക്കന്‍ ഷോയില്‍ വെച്ച് ദിലീപേട്ടന് എന്റെ അടുത്ത് വന്ന് നിറകണ്ണുകളോടെ പറഞ്ഞ കാര്യമുണ്ട്, യൂസഫേ ഞാന്‍ അങ്ങനെ ചെയ്യുമോടാ, എനിക്കും ഒരു മോളുള്ളതല്ലേടാ.. അല്പം നനഞ്ഞ കണ്ണുകളോടെ എന്റെ മുന്നില്‍ നിന്ന് പറഞ്ഞപ്പോള്‍ എന്റെ മനസില്‍ അയാളെ അവിശ്വസിക്കാന്‍ തോന്നിയില്ല. അതിന് ശേഷം ഒരിക്കലും ഞാന്‍ അദ്ദേഹത്തെ സംശയിച്ചിട്ടില്ല… എന്റെ മനസ്സിൽ ഇപ്പോഴും ആ വാക്കുകളാണ്. ഇപ്പോൾ കോടതി വിധി വന്നു. ദിലീപ് നിരപരാധിയാണെന്ന് ജഡ്ജി വിധിച്ചു. നമ്മള് ആ വിധിയെ മാനിക്കുക. മേൽക്കോടതിയിലൊക്കെ പോയശേഷം അദ്ദേഹത്തെ ശിക്ഷിക്കുന്നുണ്ടെങ്കിൽ ശിക്ഷിച്ചോട്ടെ. ഈ കോടതി അദ്ദേഹത്തെ നിരപരാധിയായി പറഞ്ഞ സ്ഥിതിക്ക് ഇപ്പോൾ അദ്ദേഹം നിരപരാധിയാണ്. ഇനി നമ്മളായി അദ്ദേഹത്തെ ശിക്ഷിക്കാതിരിക്കുക.’ ” ഹരിശ്രീ യൂസഫ് പറയുന്നു.




