Lifestyle

ആ 88 മിനിറ്റ്‌ സംസാരിച്ചതെന്ത്‌?, മോദി-രാഹുല്‍ കൂടിക്കാഴ്‌ചയില്‍ ആകാംക്ഷ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്‌ച നടത്തിയതിനു പിന്നാലെ അഭ്യൂഹപ്രവാഹം. മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്‌ഥാനത്തേക്കു പരിഗണിക്കുന്ന പേരുകള്‍ ചര്‍ച്ച ചെയ്യാനാണ്‌ ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്‌. പക്ഷേ, കൂടിക്കാഴ്‌ച ഇത്രയും നീണ്ടുനില്‍ക്കുമെന്ന്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ചട്ടം അനുസരിച്ച്‌, പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ക്ക്‌ വിവരാവകാശ കമ്മിഷന്‍, തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍, വിജിലന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ എന്നിവയിലെ പ്രധാന തസ്‌തികകളിലേക്ക്‌ ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്‌. ഇത്തവണത്തെ യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന മന്ത്രി അമിത്‌ ഷാ ആയിരുന്നു.

ഉച്ചയ്‌ക്ക്‌ ഒന്നിനാണു പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാഹുല്‍ ഗാന്ധി എത്തിയത്‌. 1.07ന്‌ യോഗം ആരംഭിച്ചു. ചര്‍ച്ച നീണ്ടതോടെ എം.പിമാര്‍ക്കിടയില്‍ ആകാംഷയായി. 88 മിനിറ്റ്‌ നീണ്ട ചര്‍ച്ചയ്‌ക്കുശേഷമാണു രാഹുല്‍ ഗാന്ധി പുറത്തുവന്നത്‌. ചര്‍ച്ച മുഖ്യ വിവരാവകാശ കമ്മിഷണറുടെ നിയമനത്തെക്കുറിച്ച്‌ മാത്രമായിരുന്നില്ലെന്നും, എട്ട്‌ വിവരാവകാശ കമ്മിഷണര്‍മാരുടെയും ഒരു വിജിലന്‍സ്‌ കമ്മിഷണറുടെയും നിയമനങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നെന്നും വ്യക്‌തമായി.

എല്ലാ നിയമനങ്ങളെയും താന്‍ എതിര്‍ക്കുന്നതായി രാഹുല്‍ ഗാന്ധി വ്യക്‌തമാക്കി. തന്റെ എതിര്‍പ്പ്‌ അദ്ദേഹം രേഖാമൂലം സമര്‍പ്പിച്ചു. ഇത്തരം യോഗങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ എതിര്‍പ്പ്‌ അറിയിക്കുന്നത്‌ സാധാരണയാണ്‌. മുമ്പ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രതിനിധികളായി പങ്കെടുത്തപ്പോള്‍ അവര്‍ എതിര്‍പ്പുകള്‍ ഉന്നയിച്ച ശേഷം പുറത്തുവരികയായിരുന്നു പതിവ്‌. ഇത്തവണയും കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും, 88 മിനിറ്റ്‌ നീണ്ട കൂടിക്കാഴ്‌ചയില്‍ എന്താണ്‌ സംഭവിച്ചതെന്നതിനെക്കുറിച്ച്‌ പാര്‍ലമെന്റ്‌ വരാന്തകളില്‍ തീവ്രമായ ചര്‍ച്ചകള്‍ നടന്നു.

കേന്ദ്ര വിവരാവകാശ കമ്മിഷനില്‍ ഒരു ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറും പരമാവധി 10 ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരുമാണുള്ളത്‌. നിലവില്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷനില്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉള്‍പ്പെടെ 8 ഒഴിവുകളുണ്ട്‌. വിവരാവകാശ അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പരാതികളിലും അപ്പീലുകളിലും തീരുമാനമെടുത്ത്‌ വിവരങ്ങള്‍ ലഭ്യമാക്കുന്നത്‌ ഈ ഉദ്യോഗസ്‌ഥരാണ്‌. സെപ്‌റ്റംബര്‍ പകുതി വരെ ഹീരാലാല്‍ സമാരിയയായിരുന്നു മുഖ്യ വിവരാവകാശ കമ്മിഷണര്‍. സെപ്‌റ്റംബര്‍ 13ന്‌ അദ്ദേഹം വിരമിച്ചതിന്‌ ശേഷം ഈ സ്‌ഥാനം ഒഴിഞ്ഞുകിടക്കുകയാണ്‌. ആനന്ദി രാമലിംഗവും വിനോദ്‌ കുമാര്‍ തിവാരിയും ഉള്‍പ്പെടെ രണ്ട്‌ വിവരാവകാശ കമ്മിഷണര്‍മാര്‍ മാത്രമാണ്‌ നിലവില്‍ ചുമതല വഹിക്കുന്നത്‌.
മുഖ്യ വിവരാവകാശ കമ്മിഷണറുടെ വെബ്‌സൈറ്റ്‌ പ്രകാരം, 30,838 കേസുകളാണ്‌ നിലവില്‍ തീര്‍പ്പാക്കാതെ കിടക്കുന്നത്‌. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 12(3) പ്രകാരം, ചീഫ്‌ വിവരാവകാശ കമ്മിഷണറെയും വിവരാവകാശ കമ്മിഷണര്‍മാരെയും തെരഞ്ഞെടുത്ത്‌ ശിപാര്‍ശ ചെയ്യുന്ന തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്‌. പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രിയും ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്‌.