ലഖ്‌നൗ: കാൻസർ ബാധിതനായ 21 വയസ്സുകാരൻ മകൻ അൻഷ് ശ്രീവാസ്തവയുടെ ജീവൻ രക്ഷിക്കാനുള്ള ലഖ്‌നൗ സ്വദേശി മനു ശ്രീവാസ്തവയുടെ അപേക്ഷയിൽ റഷ്യൻ സർക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുന്നു ഒരു കുടുംബം. സെപ്റ്റംബര്‍ ആദ്യമാണ് റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്‌സിനായ എന്‍ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
റഷ്യയിൽ നിലവിലുള്ള കാൻസർ വാക്‌സിൻ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാലാണ് തന്റെ മകനിൽ വാക്‌സിന്റെ പരീക്ഷണം നടത്താൻ റഷ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചതെന്ന് മനു ശ്രീവാസ്തവ എഎൻഐയോട് പറഞ്ഞു.
“എന്റെ മകന് ഇവിടെ സ്റ്റേജ് നാല് കാൻസറാണ്. അവന് ഇവിടെ ചികിത്സ നൽകുന്നുണ്ട്, പക്ഷേ ഡോക്ടർമാർക്ക് പൂർണ്ണമായി ഭേദമാക്കാൻ കഴിഞ്ഞിട്ടില്ല. യാതൊരു ഉറപ്പുമില്ലാത്തതിനാൽ ഞാൻ ആശങ്കയിലായിരുന്നു. അപ്പോഴാണ് റഷ്യയിൽ ഒരു വാക്‌സിൻ വികസിപ്പിച്ചതായും അത് കാൻസർ ചികിത്സയിൽ വളരെ ഫലപ്രദമാണെന്ന് തെളിയിച്ചതായും അറിഞ്ഞത്. അതിനാൽ, ഞാൻ ഇന്ത്യാ ഗവൺമെന്റിനും റഷ്യൻ സർക്കാരിനും കത്തയച്ചു. എന്റെ അപേക്ഷ പരിഗണനയിലാണെന്നും റഷ്യൻ സർക്കാർ തുടർ നടപടികൾക്കായി അവരുടെ ആരോഗ്യ മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചു,” അദ്ദേഹം എഎൻഐയോട് പറഞ്ഞു.
“ഞങ്ങൾ ഇന്ത്യാ ഗവൺമെന്റിനും കത്തെഴുതി. അവിടെ നിന്നും ഒരു കത്ത് വന്നു. നിലവിൽ റഷ്യയിൽ നിർമ്മിക്കുന്ന വാക്‌സിൻ റഷ്യയിൽ മാത്രമാണ് നടപ്പിലാക്കുന്നത് എന്ന് അതിൽ പറഞ്ഞിരുന്നു. പരീക്ഷണങ്ങൾ നടത്തുന്ന ആളുകൾ അവിടത്തുകാരാണ്. അതിനാൽ, ഞങ്ങൾക്കോ മറ്റ് രാജ്യങ്ങൾക്കോ പരീക്ഷണങ്ങൾ നടത്താൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കാൻസർ വാക്‌സിന്റെ പരീക്ഷണത്തിൽ തന്റെ മകൻ അൻഷിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മനു ശ്രീവാസ്തവ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആരോഗ്യമന്ത്രി, കൂടാതെ റഷ്യയിലെയും ദക്ഷിണ കൊറിയയിലെയും ഉന്നത ഉദ്യോഗസ്ഥർക്ക് കത്തെഴുതി. ഈ അപ്പീലിന് മറുപടിയായി, ഒക്ടോബർ 27-ന് റഷ്യൻ ഫെഡറേഷൻ സർക്കാരിൽ നിന്ന് ഒരു ഔദ്യോഗിക കത്ത് ലഭിച്ചിട്ടുണ്ട്.
റഷ്യയുടെ കാൻസർ വാക്‌സിൻ പ്രീക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും സുരക്ഷിതത്വവും ഉയർന്ന ഫലപ്രാപ്തിയും തെളിയിച്ചതായും ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി (FMBA) മേധാവി വെറോണിക്ക സ്ക്വോർട്സോവ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ (EEF) വെച്ച് പ്രഖ്യാപിച്ചതായി ടാസ് സെപ്റ്റംബർ 7 ന് റിപ്പോർട്ട് ചെയ്തിരുന്നു.
ട്യൂമറുകളെ ചുരുക്കുകയും അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതില്‍ വാക്സിൻ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. ആവർത്തിച്ചുള്ള ഉപയോഗത്തിന് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിക്കും അവരുടെ ആർഎൻഎയ്ക്ക് അനുസൃതമായി വാക്സിനില്‍ പരിഷ്കരണങ്ങള്‍ വരുത്തി (customized) ഉപയോഗിക്കാനും സാധിക്കുമെന്ന് എഫ്എംബിഎ മേധാവി പറഞ്ഞിരുന്നു.




