കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയെ ലോക ക്രിക്കറ്റ് ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാക്കിയ തെംബ ബാവുമ അപരാജിതനായി തുടരുന്നു. നായകനായ ശേഷം 11 ടെസ്‌റ്റുകളിലാണ് ബാവുമ ടീമിനെ നയിച്ചത്. പത്ത് ജയവും ഒരു സമനിലയുമാണ് ആകെ നേട്ടം.
ഓസ്‌ട്രേലിയയ്‌ക്കെതിരേ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജയിച്ചതാണു കരിയറിലെ ഏറ്റവും മികച്ച നേട്ടം. മത്സര ശേഷം ബാവുമയെ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ അഭിനന്ദിക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ബുംറയുടെ ബാവുമയ്‌ക്കെതിരേയുള്ള കുള്ളന്‍ പരാമര്‍ശം വിവാദത്തിലായിരുന്നു. പിന്നാലെയാണ് ബാവുമയുടെ അരികിലെത്തി ബുംറ അഭിനന്ദിച്ചത്. ബുംറയും ബാവുമയും ഏറെനേരം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. കൈകൊടുത്താണ് ഇരുവരും പിരിഞ്ഞത്.
മത്സരത്തിനിടെ ബുംറയും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ബാവുമയെ ഹിന്ദിയില്‍ ‘ബൗന’ (കുള്ളന്‍) എന്ന് വിശഷിപ്പിച്ചതു വിവാദമായി. സ്‌റ്റമ്പ് മൈക്കിലൂടെയാണ് സംസാരം പുറത്തുവന്നത്. ബുംറയുടെ പന്ത് ബാവുമയുടെ കാലില്‍ത്തട്ടിയിരുന്നു. റിവ്യൂ എടുക്കണമെന്ന് ബുംറ പറഞ്ഞപ്പോള്‍ ഉയരം കൂടുതലാണെന്ന് പന്ത് മറുപടി നല്‍കി. ബാവുമ കുള്ളനായതുകൊണ്ട് കുഴപ്പമില്ലെന്നാണ് ബുംറ മറുപടി പറഞ്ഞത്. ഉയരമില്ലാത്തവനാണെങ്കിലും പാഡില്‍ തട്ടുമ്പോള്‍ പന്ത് നല്ല ഉയരത്തിലായിരുന്നുവെന്ന് ഋഷഭ് പന്തും പറഞ്ഞു.




