ധാക്ക: മുന്‍ സെലക്‌ടര്‍ അടക്കം ദേശീയ ടീം മാനേജ്‌മെന്റിലെ അംഗങ്ങള്‍ക്കെതിരായ വനിതാ ക്രിക്കറ്റ് താരത്തിന്റെ ലൈംഗികപീഡന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി.). കഴിഞ്ഞ ദിവസമാണ് പത്രപ്രവര്‍ത്തകന്‍ റിയാസാദ് അസിമിന് നല്‍കിയ യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
വനിതാ താരത്തിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചതായി ബി.സി.ബി. അറിയിച്ചു. 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ കണ്ടെത്തലുകളും ശിപാര്‍ശകളും സമര്‍പ്പിക്കാന്‍ അന്വേഷണ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്‌തമാക്കി.
തങ്ങളുടെ എല്ലാ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതവും പ്രഫഷണലുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ബി.സി.ബി. പ്രതിജ്‌ഞാബദ്ധമാണ്. ബോര്‍ഡ് അത്തരം കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കും. ബി.സി.ബി. പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
വനിതാ ടീം മുന്‍ സെലക്‌ടറും മാനേജറുമായി പ്രവര്‍ത്തിച്ചിരുന്ന ദേശീയ ടീം അംഗം കൂടിയായ മഞ്‌ജുറുള്‍ ഇസ്ലാം, മാനേജ്‌മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്‌മൂദി, സര്‍ഫറാസ് ബാബു എന്നിവര്‍ക്കെതിരെയായിരുന്നു ജഹനാരയുടെ ആരോപണങ്ങള്‍.2022-ലെ വനിതാ ലോകകപ്പിനിടെ ടീം മാനേജ്‌മെന്റിലെ പലരില്‍നിന്നും മോശം സമീപനം നേരിട്ടിരുന്നുവെന്നു അവര്‍ വെളിപ്പെടുത്തി. നിലവില്‍ താരം ബംഗ്ലാദേശ് വനിതാ ടീമിന്റെ ഭാഗമല്ല. മാനസികാരോഗ്യം മുന്‍നിര്‍ത്തി ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ് താമസം.
”ഒരു തവണയല്ല, പല തവണ എനിക്ക് മോശം അനുഭവവും സമീപനവും നേരിടേണ്ടിവന്നിട്ടുണ്ട്. ടീമിനുള്ളില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പോലും പല കാര്യങ്ങളും തുറന്നുപറയാന്‍ കഴിയില്ല. പ്രത്യേകിച്ചും അത് നിങ്ങളുടെ വരുമാന മാര്‍ഗം കൂടിയാകുമ്പോള്‍. നമ്മള്‍ അറിയപ്പെടുന്നയാളായാല്‍, താത്‌പര്യമുണ്ടെങ്കില്‍ പോലും പല കാര്യങ്ങളും പറയാനോ പ്രതിഷേധിക്കാനോ കഴിയില്ല.” – ജഹനാര പറഞ്ഞു.
ഈ വിഷയത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ പല മുതിര്‍ന്ന ഉദ്യോഗസ്‌ഥരില്‍നിന്നും പിന്തുണ തേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വനിതാ കമ്മിറ്റി മേധാവി നാദേല്‍ ചൗധരി പോലും താന്‍ നേരിട്ട പീഡനം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും ജഹനാര പറഞ്ഞു. ബി.സി.ബി. ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി പലതവണ തന്റെ പരാതികള്‍ അവഗണിച്ചുവെന്നും താരം ആരോപിച്ചു.
ടീം കോര്‍ഡിനേറ്റര്‍ സര്‍ഫറാസ് ബാബു വഴിയാണ് തൗഹീദ് ഭായ് തന്നെ സമീപിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ എന്നോട് മോശമായി പെരുമാറുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ മിണ്ടാതിരിക്കാനും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിച്ചു. ഞാന്‍ തന്ത്രപരമായി ആ ശ്രമം ഒഴിവാക്കിയപ്പോള്‍ പിറ്റേന്ന് മുതല്‍ മഞ്‌ജു ഭായ് (മഞ്‌ജുറുള്‍ ഇസ്ലാം) എന്നെ അപമാനിക്കാന്‍ തുടങ്ങി – ജഹനാര വീഡിയോയില്‍ പറഞ്ഞു.




