ന്യൂഡല്‍ഹി: ഒല, ഊബര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ടാക്സി സര്‍വീസ് കമ്പനികള്‍ക്കു വെല്ലുവിളിയായി കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ സഹകരണ ടാക്സി സര്‍വീസ് ‘ഭാരത് ടാക്സി’ക്ക് തുടക്കം കുറിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്റെയും (എന്‍.ഇ.ജി.ഡി) കീഴില്‍ വികസിപ്പിച്ചതാണു സംരംഭം. ഡ്രൈവര്‍മാര്‍ക്ക് വരുമാനത്തിന്റെ പൂര്‍ണ അവകാശം നല്‍കുകയും യാത്രക്കാര്‍ക്ക് സ്വകാര്യ ക്യാബുകള്‍ക്കു പകരം സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ബദലും ‘ഭാരത് ടാക്സി’ വാഗ്ദാനം ചെയ്യുന്നു.
വൃത്തിഹീനമായ വാഹനങ്ങള്‍, ഉയര്‍ന്ന യാത്രാക്കൂലി, ഏകപക്ഷീയമായ റദ്ദാക്കലുകള്‍, യാത്രാക്കൂലിയിലെ വര്‍ധന എന്നിങ്ങനെ നിരവധി പഴികള്‍ ആപ്പ് അധിഷ്ഠിത സ്വകാര്യ ടാക്സി സേവനങ്ങളെക്കുറിച്ച് ഉയര്‍ന്നിരുന്നു. കമ്പനികള്‍ ഈടാക്കുന്ന ഉയര്‍ന്ന കമ്മീഷന് നിരക്കുകളില്‍ പല ഡ്രൈവര്‍മാരും അതൃപ്തിയും പ്രകടിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ സംരംഭകരില്‍ നിന്നു വ്യത്യസ്തമായി, ഭാരത് ടാക്സി ഡ്രൈവര്‍മാര്‍ കമ്മീഷന് നല്‍കേണ്ടതില്ല. പകരം ദൈനംദിനമോ ആഴ്ചതോറുമോ അല്ലെങ്കില്‍ പ്രതിമാസമോ ഫീസ് മാത്രം നല്‍കണം. ഇത് ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
ഭാരത് ടാക്സിയുടെ പരീക്ഷണഘട്ടം നവംബറില്‍ ഡല്‍ഹിയില്‍ ആരംഭിക്കും. 650 വാഹനങ്ങളും അവയുടെ ഉടമസ്ഥരായ ഡ്രൈവര്‍മാരും സര്‍വീസിന്റെ ഭാഗമാകും.
വിജയകരമാണെങ്കില്‍, ഡിസംബറില്‍ പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനം ആരംഭിക്കും, തുടര്‍ന്ന് സേവനം രാജ്യത്തിന്റെ മറ്റ് പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, പുരുഷന്മാരും സ്ത്രീകളുമായ 5,000 ഡ്രൈവര്‍മാര്‍ രാജ്യവ്യാപകമായി പ്രാരംഭ ഘട്ടത്തില്‍ പങ്കാളികളാകും. അടുത്ത വര്‍ഷത്തോടെ മുംബൈ, പുനെ, ഭോപ്പാല്‍, ലഖക്കനൗ, ജയക്കപുര് എന്നിവയുള്‍പ്പെടെ 20 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.
2026 മാര്‍ച്ചോടെ നിരവധി മെട്രോ മേഖലകളില്‍ ഭാരത് ടാക്സിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും, പ്ലാറ്റ്ഫോമില്‍ ഒരു ലക്ഷം ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി, ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സര്‍വീസ് എത്തുമെന്നാണ് പ്രതീക്ഷ.
സഹകരണ സംരംഭമായിട്ടാകും ഭാരത് ടാക്സിയുടെ പ്രവര്‍ത്തനം. കഴിഞ്ഞ ജൂണില്‍ 300 കോടി രൂപ പ്രാരംഭ മൂലധനത്തോടെ സ്ഥാപിതമായ സഹകാര്‍ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ് പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കുന്നത്.
അമുല്‍ ബ്രാന്‍ഡിന് പേരുകേട്ട ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ മാനേജിങ് ഡയറക്ടര്‍ ജയന് മേത്ത അധ്യക്ഷനായി പുതുതായി രൂപീകരിച്ച ഗവേണിങ് കൗണ്‍സിലിനാണ് മേല്‍നോട്ടം.




