Sports

‘ഫിറ്റായിരുന്നെങ്കില്‍ ഷമി ടീമിൽ ഉണ്ടായിരുന്നേനെ’; വിമർശനത്തിന് മറുപടിയുമായി അഗാർക്കർ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന്‌ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷമിയുടെ പ്രതികരണത്തിന്‌ മറുപടിയുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത്‌ അഗാര്‍ക്കര്‍.
ടീമില്‍ നിന്ന്‌ ഒഴിവാക്കിയതിനെ തുടര്‍ന്ന്‌ ഷമി സെലക്‌ടര്‍മാരെ വിമര്‍ശിച്ചിരുന്നു. കായിക ക്ഷമതയുള്ളതിനാലാണു ബംഗാളിനു വേണ്ടി രഞ്‌ജി ട്രോഫിയില്‍ കളിക്കുന്നതെന്നും ഫിറ്റ്‌നസ്‌ സംബന്ധിച്ച കാര്യങ്ങള്‍ സെലക്‌ടര്‍മാരെ അറിയിക്കേണ്ടത്‌ തന്റെ ജോലിയല്ലെന്നും ഷമി തുറന്നടിച്ചിരുന്നു. രഞ്‌ജി ട്രോഫി പോലെ ദിവസങ്ങള്‍ നീണ്ട മത്സരങ്ങള്‍ കളിക്കാനാകുമെങ്കില്‍ തനിക്ക്‌ ഏകദിനത്തിലും കളിക്കാന്‍ സാധിക്കുമെന്നും ഷമി പറഞ്ഞു. എന്‍.ഡി.ടി.വി. വേള്‍ഡ്‌ സമ്മിറ്റിലാണ്‌ അഗാര്‍ക്കറിന്റെ പ്രതികരണം. ഫിറ്റാന്നെങ്കില്‍ ഷമി ടീമിലുണ്ടാകുമായിരുന്നു എന്നായിരുന്നു അഗാര്‍ക്കറിന്റെ മറുപടി. അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പറഞ്ഞത്‌ എന്താണെന്ന്‌ അറിയില്ല. തന്നോടു ചോദിച്ചിരുന്നെങ്കില്‍ കൃത്യമായ മറുപടി നല്‍കാമായിരുന്നു എന്നും അഗാര്‍ക്കര്‍ പറഞ്ഞു.
ഷമി ഇന്ത്യക്കായി അവിശ്വസനീയ പ്രകടനം നടത്തിയ താരമാണ്‌. ഇംഗ്ലണ്ട്‌ പര്യടനത്തിനു മുമ്പുതന്നെ കായിക ക്ഷമത നേടിയിരുന്നെങ്കില്‍ ടീമിലുണ്ടാകുമായിരുന്നു. ആഭ്യന്തര സീസണ്‍ ആരംഭിച്ചതേയുള്ളൂ, അതുകൊണ്ടു തന്നെ കായിക ക്ഷമത തെളിയിക്കാന്‍ അവസരമുണ്ട്‌. കുറച്ച്‌ കൂടി മത്സരങ്ങള്‍ കഴിഞ്ഞാല്‍ മനസിലാകും. എന്തുകൊണ്ട്‌ ഷമിയെ പോലെ ഒരാളെ വേണ്ടെന്നുവെയ്‌ക്കും – അഗാര്‍ക്കര്‍ തുടര്‍ന്നു. കഴിഞ്ഞ എട്ട്‌ മാസം മുതല്‍ ഒരു വര്‍ഷം വരെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയില്‍ പോലും, അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താനാഗ്രഹിച്ചിരുന്നു. 2023 ഏകദിന ലോകകപ്പിനു ശേഷം പരുക്ക്‌ പൂര്‍ണമായും ഭേദമാകാന്‍ ഷമി, ശസ്‌ത്രക്രിയ നടത്തിയിരുന്നു. മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫി ടൂര്‍ണമെന്റിലാണ്‌ താരം ഇന്ത്യക്കായി പിന്നീട്‌ കളിക്കാനിറങ്ങിയത്‌.