Crime

കെമിസ്‌ട്രിയില്‍ എം.ഫില്‍; ജോലി ബാങ്കുകൊള്ള! കവർച്ചയ്ക്കായി പുക ബോംബുകൾ നിർമ്മിച്ചയാള്‍ പിടിയിൽ

ന്യൂഡല്‍ഹി: ദീപ്‌ ശുഭം, എം.ഫില്‍ ബിരുദധാരി. തൊഴില്‍ – മോഷണം. ഡല്‍ഹിയിലും ബീഹാറിലും ബാങ്ക്‌ കവര്‍ച്ചകള്‍ നടത്തിയ അയാള്‍ ഒടുവില്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.
സാമ്പത്തിക ബുദ്ധിമുട്ടുകളാണു തന്നെ കുറ്റകൃത്യങ്ങളിലേക്ക്‌ നയിച്ചതെന്നു ദീപ്‌ ശുഭം അവകാശപ്പെട്ടു. പിന്നീട്‌ തെറ്റുകള്‍ തിരുത്തി, നിയമം മറക്കുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെ സംഭവിച്ചില്ലെന്നാണ്‌ അയാളുടെ കുറ്റസമ്മതം.
കഴിഞ്ഞയാഴ്‌ച, ഡല്‍ഹി പോലീസ്‌ ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ അജയ്‌ക്കു ദീപ്‌ ശുഭത്തെക്കുറിച്ചു സൂചന ലഭിച്ചതാണു കേസില്‍ വഴിത്തിരിവായത്‌. അയാളെ ഹരിയാനയിലെ സോഹ്‌നയില്‍വച്ച്‌ കണ്ടതായിരുന്നു വിവരം. അതോടെ പോലീസ്‌ നിരീക്ഷണം തുടങ്ങി. 2017ലും 2021ലും ഡല്‍ഹിയിലും ബീഹാറിലും നടന്ന ബാങ്ക്‌ കവര്‍ച്ചകളുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റും ഉണ്ടായി.
32 വയസുള്ള ദീപ്‌, ബീഹാറിലെ സീതാമര്‍ഹി ജില്ലക്കാരനാണ്‌. ഡല്‍ഹിയിലെ കിരോരി മാല്‍ കോളജില്‍നിന്നു രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്‌ഥമാക്കി. പിന്നീട്‌ എം.ഫിലും സ്വന്തമാക്കി. അതിനുശേഷം നിയമപഠനം നടത്താനായിരുന്നു തീരുമാനം. കോമണ്‍ ലോ അഡ്‌മിഷന്‍ ടെസ്‌റ്റ്‌ പാസാകുകയും ചെയ്‌തു. എല്‍എല്‍.ബി കോഴ്‌സിനിടെ അയാളുടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പിടിയിലായി. അതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
വീട്ടില്‍നിന്നു പണം ലഭിക്കാതായപ്പോള്‍ താന്‍ കുറ്റകൃത്യങ്ങളിലേക്ക്‌ തിരിഞ്ഞതായി ദീപ്‌ പോലീസിനോട്‌ പറഞ്ഞു. ഈ വാദം വിശ്വസിക്കാന്‍ പ്രയാസമാണെന്നാണു പോലീസ്‌ നിലപാട്‌.
2017ല്‍, ദീപ്‌ ആദ്യമായി കവര്‍ച്ച നടത്തി. പടക്കങ്ങള്‍, മീഥൈല്‍ അസറ്റേറ്റ്‌, ബെന്‍സീന്‍ എന്നിവ ഉപയോഗിച്ച്‌ അദ്ദേഹം സ്‌മോക്ക്‌ ബോംബ്‌ നിര്‍മിച്ചു. തുടര്‍ന്നു സീതാമര്‍ഹിയിലെ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ശാഖയില്‍നിന്ന്‌ 3.6 ലക്ഷം രൂപയോളം കവര്‍ന്നു. ഇതിനെ തുടര്‍ന്ന്‌ ഇദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്‌തു.
ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം മോഷ്‌ടാവായ റിതേഷ്‌ താക്കൂറിനൊപ്പം ചേര്‍ന്നു. 2021 സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ ഡല്‍ഹിയിലെ രണ്ട്‌ ബാങ്കുകളില്‍ സായുധ കവര്‍ച്ചകള്‍ നടത്തി. ഡല്‍ഹിയിലെ ഗുജ്‌റന്‍വാലയില്‍ നടന്ന രണ്ട്‌ കവര്‍ച്ചകളിലുമായി ഏകദേശം 7 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും സ്വന്തമാക്കി. പിന്നെ ഡല്‍ഹിയില്‍നിന്ന്‌ അപ്രത്യക്ഷനായി.
അറസ്‌റ്റിലാകുമ്പോള്‍ ദീപ്‌ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്‌ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നെന്നു ഡല്‍ഹി പോലീസ്‌ ൈക്രം ബ്രാഞ്ച്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍ഷ്‌ ഇന്ദോര പറഞ്ഞു.