കോട്ടയം: കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയിൽ തള്ളിയ കേസിലെ പ്രതി സാം നിരവധി വിദേശവനിതകളുമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. ഭാര്യയായ ജെസി വീട്ടിൽ ഉള്ളപ്പോൾ ഇയാൾ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിർത്തു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
1994-ലാണ് ജെസിയും സാമും വിവാഹിതരാകുന്നത്. വിചിത്രമെന്ന് പറയട്ടെ, ആദ്യഭാര്യ പ്രസവിച്ചദിവസം തന്നെയായിരുന്നു സാം ജെസിയെ ബെംഗളൂരുവിലെ പള്ളിയില്‍വെച്ച് വിവാഹംകഴിച്ചതെന്നാണ് ജെസിയുടെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, നിയമപരമായി അന്ന് വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നില്ല. ജെസിയെ വിവാഹംകഴിച്ചതോടെ ആദ്യഭാര്യ കുഞ്ഞിനെ സാമിനെ ഏല്‍പ്പിച്ച് പോയി. ഇതോടെ ഈ കുട്ടിയെയും ജെസിയാണ് വളര്‍ത്തിയത്. സാം-ജെസി ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
അഭിഭാഷകന്റെ വാക്കുകളിലൂടെ ”ജെസിയെ വിവാഹംകഴിക്കുന്നതിന് മുന്‍പ് മറ്റൊരുസ്ത്രീയെ സാം വിവാഹംകഴിച്ചിരുന്നു. ആ സ്ത്രീയില്‍ കുട്ടിയുണ്ടായ അതേദിവസമാണ് ജെസിയും സാമും ബെംഗളൂരുവിലെ പള്ളിയില്‍വെച്ച് വിവാഹിതരായത്. നിയമപരമായി വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നില്ല. ജെസി-സാം ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. സാമിന്റെ ആദ്യഭാര്യയിലെ കുഞ്ഞിനെയും ജെസിയാണ് വളര്‍ത്തിയത്. ആ കുട്ടിയുടെ അമ്മ ആരാണെന്ന് പോലും ആ കുട്ടിക്ക് അറിയില്ലായിരുന്നു. ജെസിക്കും അറിയില്ല. മൂന്നുകുട്ടികളെയും ജെസി വളര്‍ത്തി. ഇവരുടെ രേഖകളിലും അമ്മയുടെ പേര് ജെസിയുടെ പേരാണ്”, അദ്ദേഹം വ്യക്തമാക്കി.
ജെസിയും സാമും നേരത്തേ വിദേശത്തായിരുന്നു. ഐടി മേഖലയിലായിരുന്നു സാമിന്റെ ജോലി. വിദേശത്തായിരിക്കെ ജെസി ഡേകെയര്‍ നടത്തിയിരുന്നു. വിദേശത്ത് താമസിക്കുന്നതിനിടെയും സാം ജെസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഡോറിന്റെ ലോക്ക് കൊണ്ട് തലയ്ക്കടിച്ചാണ് ജെസിയെ ആക്രമിച്ചത്. ഗുരുതരപരിക്കേറ്റ് ജെസി വെന്റിലേറ്ററിലായി. എന്നാല്‍, സാം കരഞ്ഞുപറഞ്ഞതിനാല്‍ അവര്‍ കേസ് ഒഴിവാക്കി. കുടുംബപ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് ജെസിയും സാമും വിദേശത്തുനിന്ന് തിരികെയെത്തിയത്.
ജെസിയുടെ പണം ഉപയോഗിച്ചാണ് കോട്ടയം കാണക്കാരിയിലെ വീട് വാങ്ങിയിരുന്നത്. പക്ഷേ, വീടും സ്ഥലവും വാങ്ങിയത് സാമിന്റെ പേരിലായിരുന്നു. കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് വീട്ടില്‍ രണ്ടിടത്തായാണ് ഇരുവരും താമസിച്ചിരുന്നത്. ജെസി താഴത്തെനിലയിലും സാം മുകളിലത്തെ നിലയിലുമായിരുന്നു താമസം. ഈ വീട്ടില്‍ സമാധാനപരമായി താമസിക്കാന്‍ നല്‍കിയ കേസില്‍ ജെസിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി 2018-ല്‍ പാല അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സാമിന് ഇതേ വീട്ടില്‍തന്നെ താമസിക്കാന്‍ ജെസി അനുവാദം നല്‍കി. വീട്ടില്‍ കയറാതെ പുറത്തുനിന്ന് സ്റ്റെയര്‍ക്കെയ്‌സ് പണിതാണ് സാമിന് രണ്ടാംനിലയില്‍ താമസസൗകര്യമൊരുക്കിയത്.
സാം വിദേശവനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി പരസ്യബന്ധം പുലര്‍ത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ആറുമാസമായി എംജി യൂണിവേഴ്സിറ്റിയില്‍ ടൂറിസം ബിരുദാനന്തര കോഴ്സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടില്‍നിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാന്‍ കോടതിയെ സമീപിച്ചു. എന്നാല്‍, ജെസി കോടതിയില്‍ ഇതിനെ എതിര്‍ത്തു. തനിക്കെതിരായി കോടതിയില്‍നിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു.
ജെസിയെ കാണാതായ കേസില്‍ പോലീസ് സാമിനെ ബെംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു ഇറാനിയന്‍ യുവതി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതായി സൂചനയുണ്ട്. സംഭവദിവസങ്ങളില്‍ ഇതേ യുവതി സാമിനൊപ്പം വീട്ടിലെത്തിയിരുന്നതായി ജെസിയുടെ അഭിഭാഷകനും പറഞ്ഞു. ഈ യുവതിയോട് ജെസി കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിരുന്നു. ഇതുകേട്ടതോടെ ഇനി സാമിനൊപ്പം വരില്ലെന്ന് ഇറാനിയന്‍ യുവതി പറഞ്ഞു. എന്നാല്‍, ബെംഗളൂരുവില്‍ സാമിനൊപ്പം ഇതേ യുവതിയെയും കണ്ടത് സംശയത്തിനിടയാക്കുന്നതാണ്.




