രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തിന് ശേഷം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്ര നല്ലകാലമല്ല. പ്‌ളേ ഓഫില്‍ എത്തുന്നുണ്ടെങ്കിലും മുമ്പോട്ട് പോകാനാകുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ രാജസ്ഥാന പ്രതീക്ഷ നല്‍കി മറ്റൊരു ഇതിഹാസ താരം ടീമിനൊപ്പം വീണ്ടും ചേരുകയാണ്. മറ്റാരുമല്ല കുമാര്‍ സംഗക്കാര.
രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉണര്‍വ്വ് നല്‍കി ഇതിഹാസ ക്രിക്കറ്റ് താരം കോച്ചിംഗ് സ്റ്റാഫില്‍ ചേരാനൊരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. രാഹുല്‍ ദ്രാവിഡിന്റെ ഹെഡ് കോച്ച് സ്ഥാനത്തുനിന്നുള്ള രാജിക്ക് പിന്നാലെ സംഗക്കാര ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന് നേതൃത്വം നല്‍കും.
ദീര്‍ഘകാലത്തിന് ശേഷമുള്ള സംഗക്കാരയുടെ മടങ്ങിവരവാണിത്. 2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടറായി സംഗക്കാര പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കാലയളവില്‍ അദ്ദേഹം ഹെഡ് കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ സഞ്ജു സാംസണ്‍ നയിച്ച ടീം നാല് സീസണുകളില്‍ രണ്ട് തവണ പ്ലേഓഫിലെത്തി.
ഐപിഎല്‍ 2022-ല്‍ രാജസ്ഥാന്‍ റോയല്‍സ് നീണ്ട കാത്തിരിപ്പിന് ശേഷം ഫൈനലില്‍ എത്തി. 2008-ന് ശേഷം ആദ്യമായാണ് ടീം കിരീടത്തിന് ഇത്രയും അടുത്തെത്തിയത്, എന്നാല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടു. നേരത്തെ ആര്‍ആറിന്റെ ക്യാപ്റ്റനായും മെന്ററായും പ്രവര്‍ത്തിച്ച ദ്രാവിഡ് 2024-ലെ ടി20 ലോകകപ്പ് നേടിയ ശേഷമാണ് ടീമിന്റെ ഹെഡ് കോച്ചായത്. എന്നാല്‍, നിരാശാജനകമായ 2025 സീസണിന് ശേഷം അദ്ദേഹം സ്ഥാനമൊഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
18 കോടി രൂപയ്ക്ക് സഞ്ജുവിനെ ആര്‍ആര്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തെ മറ്റ് ഫ്രാഞ്ചൈസികളുമായി കൈമാറാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. ഐപിഎല്‍ നിലനിര്‍ത്താനുള്ള സമയപരിധി ഇതുവരെ അന്തിമമാക്കിയിട്ടില്ല. വിക്രം റാത്തോര്‍ ടീമിനൊപ്പം അസിസ്റ്റന്റ് കോച്ചായി തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഷെയ്ന്‍ ബോണ്ട് ബോളിംഗ് കോച്ചായി തുടരും. ട്രെവര്‍ പെന്നിയും സിദ്ധാര്‍ത്ഥ് ലാഹിരിയും സപ്പോര്‍ട്ട് സ്റ്റാഫിലേക്ക് മടങ്ങിയെത്തും.




