പിതാവിന്റെ മുഖത്ത് മുളകുപൊടി വിതറിയശേഷം വീടിനുള്ളില്‍നിന്ന് എല്‍.കെ.ജി. വിദ്യാര്‍ഥിയായ മൂന്നു വയസുകാരനെ തട്ടിക്കൊണ്ടു പോയി. നിമിഷങ്ങള്‍ക്കകം കുട്ടിയെ രക്ഷപ്പെടുത്തി തമിഴ്നാട് പോലീസ്. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ പട്ടാപകലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോകലിന്റെ നിമിഷങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. കുട്ടിയെ സ്കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവന്നതിനു തൊട്ടുപിന്നാലെയാണു സംഭവം.
കര്‍ണാടക രജിസ്ട്രേഷന്‍നുള്ള വെളുത്ത കാറില്‍നിന്നു ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ വീട്ടിലേക്ക് കയറി, നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടിയെ കൊണ്ടുപോകുന്നത് കാണാം. പിതാവ് കാറിന്റെ പിന്നാലെ ഓടി അതിന്റെ വാതിലില്‍ പറ്റിപ്പിടിച്ച് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.
“പ്രതി ഒളിവിലാണ്. ഉദ്ദേശ്യം ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ അന്വേഷണം നടത്തുകയാണ്.” രക്ഷാപ്രവര്‍ത്തനം സ്ഥിരീകരിച്ചുകൊണ്ട് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. “ഹെല്‍മെറ്റ് ധരിച്ച ആള് എന്റെ കണ്ണുകളില്‍ മുളകുപൊടി വിതറി എന്റെ കുട്ടിയെ കൊണ്ടുപോയി. ഞാന്‍ അവനെ വലിച്ചിഴച്ചു, പക്ഷേ അവന് എന്റെ മകനോടൊപ്പം രക്ഷപ്പെട്ടു”- സംഭവത്തിന് തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കുട്ടിയുടെ പിതാവ് വേണു പറഞ്ഞു.
സംഭവസ്ഥലത്ത് നിന്നു ഒരു പായ്ക്കറ്റ് മുളകുപൊടി കണ്ടെടുത്തു, കുട്ടിയുടെ പിതാവിന്റെ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു.
തട്ടിക്കൊണ്ടുപോയവര്‍ കര്‍ണാടക നമ്പര്‍ പ്ലേറ്റുള്ള ഒരു കാര്‍ ഉപയോഗിച്ചിരുന്നുവെന്നും അത് വ്യാജമാണെന്ന് കരുതുന്നതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത പാലിച്ചിരുന്നു, കാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസ് സംഘങ്ങളെ വിന്യസിച്ചിരുന്നു.
കുട്ടി ഇപ്പോള്‍ സുരക്ഷിതനാണെന്നും തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.




