Featured Good News

ദുശ്ശകുനമായിരുന്ന ഒരു പക്ഷിക്ക് വേണ്ടിയുണ്ടായ പെണ്‍സൈന്യം; ഇപ്പോള്‍ അംഗങ്ങള്‍ 20,000, ഇത് അസമിലെ ഹര്‍ഗില ആര്‍മി

സാധാരണ വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതുകൊണ്ടാണ് ഒരു ഇനം കൊക്കുകള്‍ക്ക് വേണ്ടി അസമില്‍ 20,000-ലേറെ സ്ത്രീകള്‍ ഒന്നിച്ചത്. അസമിലെ ‘ഹര്‍ഗില ആര്‍മി’ എന്ന ഈ കൂട്ടായ്മ യുഎന്‍ പരിസ്ഥിതി സംഘടനയുടെ പുരസ്‌ക്കാരം വരെ നേടി. ലോകത്തെ അപൂര്‍വ്വ കൊക്കുകളിലൊന്നായ ഗ്രേറ്റര്‍ അഡ്ജ്യൂട്ടന്റി (പ്രാദേശികമായി ഹര്‍ഗില എന്ന് അറിയപ്പെടുന്നു)നെ സംരക്ഷിക്കാനാണ് ഈ പെണ്‍കൂട്ടായ്മ ഇറങ്ങിയിരിക്കുന്നത്.

ആസാമിലെ ഗ്രാമീണ വനിതാ കൂട്ടായ്മയാണ് ഹര്‍ഗില ആര്‍മി. ഈ കൂട്ടായ്മയുടെ സ്ഥാപകയായ ഡോ. പൂര്‍ണ്ണിമ ദേവി ബര്‍മന് യുഎന്‍ പരിസ്ഥിതി സംഘടനയുടെ ‘ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്’ പുരസ്‌കാരം ലഭിച്ചു. കൊക്കിനെ സംരക്ഷിക്കാന്‍ സ്ത്രീകളെ ഒരുമിപ്പിച്ചതിനാണ് ബര്‍മന് ഈ പുരസ്‌കാരം ലഭിച്ചത്. ‘അവര്‍ പക്ഷികളുടെയും അവയുടെ കൂടുകെട്ടുന്ന മരങ്ങളുടെയും സംരക്ഷകരാണ്.’ വീട്ടമ്മമാരില്‍ നിന്ന് പക്ഷിസംരക്ഷകരായി മാറിയ ഈ കൂട്ടത്തെക്കുറിച്ച് ബര്‍മന്‍ പറഞ്ഞു.

1.5 മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഗ്രേറ്റര്‍ അഡ്ജ്യൂട്ടന്റ്, ഒരു കാലത്ത് ദക്ഷിണേഷ്യയില്‍ ധാരാളമായി കാണപ്പെട്ടിരുന്നു. എന്നാല്‍ തൂവലില്ലാത്ത തല, തൂങ്ങിക്കിടക്കുന്ന ഗള സഞ്ചികള്‍, വെളുത്ത കണ്ണുകള്‍, നീളമുള്ള കാലുകള്‍ എന്നിവയും, ദുര്‍ഗന്ധമുള്ള കാഷ്ഠവും, ചത്ത ജീവികളെ കഴിക്കുന്ന സ്വഭാവവും കാരണം ഇവയ്ക്ക് ആരാധകര്‍ കുറവായിരുന്നു. വെറുക്കപ്പെട്ടവയായിരുന്നു ഈ പക്ഷികള്‍ . ദുശ്ശകുനമായും രോഗവാഹകരായും ആളുകള്‍ കണ്ടിരുന്നു. ഗ്രാമീണര്‍ കല്ലെറിഞ്ഞ് ഇവയെ ആക്രമിക്കുകയും, അവ കൂട്ടമായി കൂടുകെട്ടിയിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റുകയും, കൂടുകള്‍ കത്തിക്കുകയും ചെയ്തിരുന്നു.

ഇന്ന് ഗ്രേറ്റര്‍ അഡ്ജ്യൂട്ടന്റ് വംശനാശഭീഷണി നേരിടുന്ന പക്ഷിയാണ്. ഇന്ത്യയിലെ ആസാം, ബിഹാര്‍, കംബോഡിയ എന്നിവിടങ്ങളാണ് ഇവയുടെ പ്രധാന താവളങ്ങള്‍. 1,200-ല്‍ താഴെ പക്ഷികള്‍ മാത്രമാണ് നിലവിലുള്ളത്. ആസാമിലാണ് ഇവ ഏറെ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ബര്‍മനും ഹര്‍ഗില ആര്‍മിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ പക്ഷികളുടെ നിലനില്‍പ്പിന് നിര്‍ണ്ണായകമാണ്.

ബാര്‍മന്‍ ഗ്രാമീണരെ ഇവര്‍ പക്ഷികളുടെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കാന്‍ തുടങ്ങി. പക്ഷികള്‍ ‘പ്രകൃതിയുടെ ശുചീകരണ സേന’യാണെന്നും അവ കൂടുകൂട്ടിയിരിക്കുന്ന മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്നും അവര്‍ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഒരുകാലത്ത് വെറുക്കപ്പെട്ടിരുന്ന ഈ പക്ഷി ഇന്ന്, ഒരു സാംസ്‌കാരിക ചിഹ്നമായി മാറിയിരിക്കുന്നു.

ദാദര, പാച്ചരിയ, സിംഗിമാരി (കാമരൂപ് ജില്ലയില്‍) എന്നീ ഗ്രാമങ്ങളില്‍ 2010-ല്‍ 28 ആയിരുന്ന ഗ്രേറ്റര്‍ അഡ്ജ്യൂട്ടന്റ് പക്ഷികളുടെ കൂടുകളുടെ എണ്ണം ബാര്‍മന്റെ അവസാന കണക്കെടുപ്പ് പ്രകാരം 250-ല്‍ അധികമായി വര്‍ധിച്ചു. ഇതോടെ ഈ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ പ്രജനന കേന്ദ്രമായി മാറി.