Crime

ഭാര്യയുമായി ഫോണിൽ തർക്കിച്ച യുവാവ് വിമാനത്താവളത്തിൽ സ്വയം തീകൊളുത്തി

ഫോണിലൂടെ ഭാര്യയുമായി വഴക്കിട്ടയാള്‍ വിമാനത്താവളത്തില്‍ സ്വയം തീ കൊളുത്തി. കസാക്കിസ്ഥാനിലെ അൽമാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനത്താവള ജീവനക്കാർ ഒരാൾ സ്വയം തീകൊളുത്തിയതിനെത്തുടർന്നുള്ള ഭയാനക നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ആ നിമിഷത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്,. തീ ആളിക്കത്തുന്നതിനിടെ വിമാനത്താവളത്തിലെ ജീവനക്കാര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

മദ്യപിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ ഭാര്യയുമായി വഴക്കിട്ട്, വീട്ടിലേക്കുള്ള അവസാന ട്രെയിന്‍ നഷ്ടമായതിന് ശേഷം വിമാനത്തില്‍ കയറ്റി വിടണമെന്ന് പറഞ്ഞ് എയര്‍പോര്‍ട്ടിലേയും ട്രാവല്‍ ഏജന്‍സിയിലേയും ജീവനക്കാരോട് തര്‍ക്കിക്കുകയായിരുന്നു.

ഭാര്യയുമായി വഴക്കിട്ട് സമയം പോയപ്പോള്‍ അയാളുടെ ട്രെയിന്‍ യാത്ര മുടങ്ങി. ടിക്കറ്റിന്റെ സമയവും കഴിഞ്ഞുപോയിരുന്നു. റെയില്‍വേ ടിക്കറ്റുകള്‍ വിമാന ടിക്കറ്റുകളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് അയാള്‍ ഒരു ട്രാവല്‍ ഏജന്‍സി ഓഫീസില്‍ സഹായം അഭ്യര്‍ത്ഥിച്ചു. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഭാര്യയെ ഫോണില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു. റിസപ്ഷനിലുള്ള ജീവനക്കാരിയോട് തനിക്ക് പോകാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഉടന്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഇയാളുടെ അടുത്തേക്ക് വന്നു. ഇതോടെ അയാള്‍ ആക്രമണകാരിയാകുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അയാൾ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയും മുറിയില്‍ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. പരിഭ്രാന്തരായ വിമാനത്താവളത്തിലെ ജീവനക്കാര്‍ തീയണയ്ക്കാനുള്ള ഉപകരണങ്ങളുമായി ഓടിയെത്തി തീയണയ്ക്കുകയും ചെയ്തു.

തീ അണച്ചതിന് ശേഷം, വെളുത്ത പൊടിയില്‍ മൂടിക്കിടന്ന് വേദനകൊണ്ട് നിലവിളിക്കുന്ന നിലയിലാണ് ദൃശ്യങ്ങളുടെ അവസാനഭാഗത്ത് കാണപ്പെടുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇയാള്‍ ജീവനുവേണ്ടി പോരാടുകയാണ്. നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സ നല്‍കുന്നുണ്ടെന്നും അല്‍മാട്ടി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.