Oddly News

ഈ ഗ്രാമത്തില്‍ മാരുതി എന്ന് മിണ്ടരുത്; ഹനുമാൻ ക്ഷേത്രങ്ങളില്ല, മാരുതി കാറുകളില്ല: അസുരനെ ആരാധിക്കുന്ന നാട്

ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും ദേവതകളെ ആരാധിക്കാറുണ്ട്. എന്നാൽ ചില അപൂർവ സ്ഥലങ്ങളിൽ ഇതിന് വിപരീതമായി അസുരഗണത്തലുള്ളവരെയും ആരാധിക്കുന്നുണ്ട്. ഉദാഹരണത്തിന് ഉത്തർപ്രദേശിലെ ബിസ്രാഖ് എന്ന ഗ്രാമത്തിൽ, രാവണനെയാണ് തങ്ങളുടെ പൂർവ്വികനായി കണക്കാക്കി ആരാധിക്കുന്നത്. അതുപോലെ, മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ ദൈത്യ എന്ന അസുരനെയാണ് ആരാധിക്കുന്നത്.

അതുകൊണ്ട് തന്നെ ഈ ഗ്രാമത്തിൽ ഒരു ഹനുമാൻക്ഷേത്രം പോലും ഇല്ല. കാരണം, ഹനുമാനെ അസുരന്മാരെ നശിപ്പിക്കുന്നവനായാണ് സാധാരണയായി കണക്കാക്കുന്നത്. ഇതിന് മറ്റൊരു കൗതുകകരമായ വസ്തുത കൂടിയുണ്ട്. ‘മാരുതി’ കാറുകൾക്കും ഈ ഗ്രാമത്തിൽ വലിയ പ്രചാരമില്ല. കാരണം ‘മാരുത്’ എന്ന സംസ്കൃത പദത്തിൽ നിന്ന് വന്നതാണ് ‘മാരുതി’ എന്ന പേര്. വായുദേവന്റെ പുത്രന്‍ എന്ന അർത്ഥത്തിൽ ഹനുമാനെയാണ് മാരുതി എന്ന പദം സൂചിപ്പിക്കുന്നത്.

ഈ ബന്ധം ഒഴിവാക്കാൻ ഗ്രാമവാസികൾ എപ്പോഴും ശ്രമിക്കുന്നത് ഒരു കൗതുകക്കാഴ്ചയാണ്. അഹമ്മദ്‌നഗർ ജില്ലയിലെ പാഥർഡി താലൂക്കിലുള്ള ഈ ഗ്രാമത്തിന്റെ പേരാണ് നന്ദുർ നിംബ ദൈത്യ. ഇവിടെയുള്ളവർ ഹനുമാനെ ആരാധിക്കാറില്ല, ഹനുമാൻ ക്ഷേത്രങ്ങളില്ല, കൂടാതെ കുട്ടികൾക്ക് ഹനുമാന്റെ പേര് നൽകാറുമില്ല.

ഈ വിശ്വാസത്തിന് പിന്നിലെ ഐതിഹ്യം

ഈ ഗ്രാമത്തിലെ വിശ്വാസത്തിന് പിന്നിൽ നിംബ ദൈത്യയും ഹനുമാനുമായുള്ള ഒരു പോരാട്ടത്തിന്റെ കഥയുണ്ട്. അസുരനായിരുന്നിട്ടും, നിംബ ദൈത്യ ശ്രീരാമന്റെ വലിയ ഭക്തനായിരുന്നത്രെ. കഥയനുസരിച്ച്, നിംബ ദൈത്യ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുകയും അവന്റെ ആവശ്യം അനുസരിച്ച് രാമൻ ഈ ഗ്രാമത്തിന്റെ മുഖ്യ ദൈവമായി അവനെ വാഴിക്കുകയും ചെയ്തു.

മാരുതി കാറുണ്ടാക്കിയ പ്രശ്നം

‘ദ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് അനുസരിച്ച്, 2000-കളുടെ തുടക്കത്തിൽ നന്ദുർ നിംബ ദൈത്യ ഗ്രാമത്തിലെ ജനപ്രിയ ഡോക്ടറായിരുന്നു ഡോ. സുഭാഷ് ദേശ്മുഖ്. അദ്ദേഹത്തിന്റെ ക്ലിനിക്കിന് മുന്നിൽ എപ്പോഴും രോഗികളുടെ തിരക്കായിരുന്നു. എന്നാൽ ഒരു ദിവസം, രോഗികളുടെ എണ്ണം കുറഞ്ഞു. കാരണം കണ്ടുപിടിക്കാൻ ഡോക്ടർക്ക് അധികം സമയം വേണ്ടിവന്നില്ല. അദ്ദേഹം ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഒരു മാരുതി 800 കാറായിരുന്നു അതിന് കാരണം.

എന്നാല്‍ മാരുതി കാർ വിറ്റ് ഒരു ടാറ്റ സുമോ വാങ്ങിയതോടെ, അത്ഭുതകരമെന്നോണം അദ്ദേഹത്തിന്റെ ക്ലിനിക്കിന് മുന്നിൽ വീണ്ടും പഴയ തിരക്ക് തിരിച്ചെത്തി. വാർത്താ പോർട്ടൽ അനുസരിച്ച്, ഈ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്ന കഥകളും നാട്ടുകാർക്ക് പറയാനുണ്ട്. “ഏകദേശം നാല് മാസം മുൻപ് കുറച്ച് തൊഴിലാളികൾ ഇവിടെ താമസിച്ച് റോഡ് പണി ചെയ്യുന്നുണ്ടായിരുന്നു. ഒരു രാത്രി, ഒരു തൊഴിലാളി അലറി വിളിക്കുകയും മറ്റുള്ളവരെ തല്ലുകയും ചെയ്തു. ഞങ്ങൾ അവിടെയെത്തിയപ്പോൾ അവന്റെ പേര് മാരുതി എന്നാണെന്ന് മനസ്സിലാക്കി.

അതുപോലെ, മാരുതി എന്ന് പേരുള്ള രണ്ട് അധ്യാപകരെ സർക്കാർ സ്കൂളിൽ നിയമിച്ചിരുന്നെങ്കിലും അവർ പഠിപ്പിക്കാൻ വന്നില്ല എന്നും കഥയുണ്ട്.ദൈത്യയാണ് തങ്ങളുടെ ദൈവമെങ്കിലും ഇവിടെ ക്രൂരമായ ആചാരങ്ങളൊന്നും പിന്തുടരുന്നില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.

“ഇവിടെ മൃഗബലി നടത്താറില്ല. ഒരു അസുരനെ ആരാധിക്കുന്ന സംസ്ഥാനത്തെ ഏക ഗ്രാമം ഞങ്ങളുടേതാണ്. അദ്ദേഹത്തിൻ്റെ വിഗ്രഹം എല്ലാ വീട്ടിലും ആരാധിക്കുന്നു, ഞങ്ങൾക്കെല്ലാം അദ്ദേഹത്തോട് വലിയ ഭക്തിയുണ്ട്,” പാഥർഡിയിൽ ചരിത്രാധ്യാപകനായ ദിഗംബർ ഗാഡെ ‘ദ ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു.”പലരും ഞങ്ങളെ അന്ധവിശ്വാസികളെന്ന് വിളിക്കുമെങ്കിലും, ഞങ്ങൾ ഞങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.