Lifestyle

‘ആദ്യം അവനെ പിടിക്കൂ’: ലൈംഗികാതിക്രമിയെ പിടികൂടാൻ പാട്ടുനിര്‍ത്തി റാപ്പര്‍, ലൈവ് ഷോക്കിടെ പെണ്‍കുട്ടിക്ക് പീഡനം

ഹാങ്ചൗ: ലൈവ് ഷോക്കിടെ യുവതി പീഡിപ്പിക്കപ്പെട്ടപ്പോള്‍ പരിപാടി നിര്‍ത്തി പീഡകനെ പിടികൂടാന്‍ സഹായിച്ച് ചൈനീസ് റാപ്പര്‍. അപ്‌മൊസാര്‍ട്ട് ഓണ്‍ലൈനില്‍ ‘ക്യാപ്റ്റന്‍ ജസ്റ്റിസ്’ എന്ന പേരില്‍ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു മാതൃകയായത്. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ചൗവില്‍ നടന്ന ഒരു ലൈവ് ഷോയ്ക്കിടെയാണ് സംഭവം.

യുവതി സഹായത്തിനായി വിളിച്ചപ്പോള്‍ ഉച്ചത്തിലുള്ള സംഗീതം കാരണം റാപ്പര്‍ക്ക് ആദ്യം കേള്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, റാപ്പര്‍ തന്റെ മൈക്ക് യുവതിക്ക് കൈമാറി. മൈക്കിലൂടെ സംസാരിച്ച യുവതി, തനിക്ക് ഒരു അപരിചിതനായ പുരുഷനില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി. തുടര്‍ന്ന് അപ്‌മൊസാര്‍ട്ട് തന്റെ പ്രകടനം നിര്‍ത്തി യുവതിക്ക് സഹായം നല്‍കുകയായിരുന്നു.

പിന്നാലെ തന്നെ ആക്രമിച്ച അയാളുടെ രൂപം യുവതി വിവരിച്ചു. ചാരനിറത്തിലുള്ള വസ്ത്രം, ചെറിയ തടിയുള്ള ശരീരം, എണ്ണമയമുള്ള മുടി, ഏകദേശം തനിക്ക് തുല്യമായ ഉയരം. ഉടന്‍ തന്നെ 21-കാരനായ റാപ്പര്‍ ‘നമുക്കവനെ പിടിക്കാം’ എന്ന് പ്രഖ്യാപിച്ചു. ഹാളിന്റെ വാതിലുകള്‍ അടയ്ക്കാനും നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കാനും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിന്നീട് പോലീസുമായി ബന്ധപ്പെട്ടെങ്കിലും, അക്രമി അപ്പോള്‍ രക്ഷപ്പെട്ടു. റാപ്പറിന്റെ ധീരമായ നീക്കത്തില്‍ സദസ്സ് ആഹ്ലാദാരവങ്ങള്‍ മുഴക്കി.

തന്റെ സംഗീതം ആസ്വദിക്കുന്നത് തുടരാന്‍ യുവതിക്ക് നിര്‍ദ്ദേശം നല്‍കിയതിനൊപ്പം, താനോ പോലീസോ പ്രതിയെ പിടികൂടും എന്നും റാപ്പര്‍ ഉറപ്പ് നല്‍കി. സംഭവം നടന്ന അന്ന് വൈകുന്നേരം തന്നെ 25 വയസ്സുള്ള ലുഓ എന്നയാളെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതായി അടുത്ത ദിവസം ഹാങ്ചൗ പോലീസ് അറിയിച്ചു.

നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും കാണികള്‍ സമര്‍പ്പിച്ച വീഡിയോ ക്ലിപ്പുകളും ഉപയോഗിച്ചാണ് പോലീസ് അയാളെ കണ്ടെത്തിയത്.
35,000 ഫോളോവേഴ്സുള്ള തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ റാപ്പര്‍ സ്ത്രീകളോട് ധീരമായി തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അക്രമങ്ങളില്‍ മൗനം പാലിക്കാതിരിക്കാനും തെളിവുകള്‍ സൂക്ഷിക്കാനും ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ഹാങ്ചൗവിന് വലിയ മതിപ്പുണ്ട്. 2023-ല്‍, മെട്രോയില്‍ വെച്ച് പീഡനം നടത്തിയവരുടെ പേരും അവര്‍ക്ക് ലഭിച്ച ശിക്ഷയും നഗരത്തിന്റെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വലിയ പിന്തുണ നേടുകയും രാജ്യവ്യാപകമായി സമാന നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ത്തുകയും ചെയ്തു.