Featured Myth and Reality

ഛത്തർപൂർ സ്ത്രീ പാമ്പുകൾക്ക് ജന്മം നൽകി ? ഡോക്ടർമാർ സത്യം വെളിപ്പെടുത്തുന്നു- വീഡിയോ

ഛത്തർപൂർ : മധ്യപ്രദേശിൽ ഒരു സ്ത്രീ ഏഴ് പാമ്പുകൾക്ക് ജന്മം നൽകിയെന്ന വാർത്ത നിഷേധിച്ച് ഡോക്ടർമാർ . ഛത്തർപൂരിലെ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ വാർത്ത നിഷേധിച്ചത്. പരിശോധനയിൽ അവ രക്തക്കട്ടകളാണെന്ന് വ്യക്തമായെന്നും പാമ്പിന്റെ ആകൃതിയിലുള്ള രക്തക്കട്ടകളായിരുന്നു അതെന്നും അവർ അറിയിച്ചു.

റിങ്കി അഹിർവാർ എന്ന സ്ത്രീ താൻ പാമ്പുകൾക്ക് ജന്മം നൽകിയെന്ന് അവകാശപ്പെട്ടു. ഇത് കേട്ട് പ്രദേശത്തെ എല്ലാവരും ഞെട്ടി. എന്നാൽ, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സത്യം മറ്റൊന്നാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഖജുരാഹോയിലെ മൗ മസാനിയ ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സംഭവം ആളുകളിൽ പരിഭ്രാന്തിയും കൗതുകവും സൃഷ്ടിച്ചു.

എന്താണ് സംഭവം?

ഹൽക്കെ അഹിർവാറിന്റെ ഭാര്യയായ റിങ്കിക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടെന്നും രണ്ട് പാമ്പുകളെ പ്രസവിച്ചുവെന്നുമാണ് അവകാശവാദം. അവരെ കാണുന്നവർ മരിക്കുമെന്നും ഇവർ അവകാശപ്പെട്ടു. വാർത്ത പരന്നതോടെ ഗ്രാമവാസികൾ അവരുടെ വീട്ടിൽ തടിച്ചുകൂടി. ‘പാമ്പ് കുഞ്ഞുങ്ങളെ’ ഒരു പ്ലാസ്റ്റിക് പാത്രത്തിനടിയിൽ സൂക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.

പിന്നീട് റിങ്കിയെ രാജ്‌നഗർ ഹെൽത്ത് സെന്ററിൽ എത്തിച്ചു. “റിങ്കി ഞങ്ങളുടെ ആശുപത്രിയിൽ വന്നപ്പോൾ, തനിക്ക് അടുത്തിടെ ആർത്തവം ഉണ്ടായെന്നും അത് തിങ്കളാഴ്ചയാണ് നിന്നതെന്നും പറഞ്ഞു. പരിശോധനയിൽ അവർ ഗർഭിണിയല്ലെന്ന് വ്യക്തമായി. അവർ പാമ്പാണെന്ന് കരുതിയത് രക്തക്കട്ടകളായിരുന്നു, ചിലപ്പോൾ അത് നൂലുപോലെയും നീളത്തിലുമൊക്കെ കാണപ്പെടാറുണ്ട്.” സെന്ററിലെ ബിഎംഒ ആയ ഡോ. അവധേഷ് ചതുർവേദി പറഞ്ഞു.

‘പാമ്പിനെപ്പോലെയുള്ള വസ്തു’ പിന്നീട് അപ്രത്യക്ഷമായെന്നും അത് രക്തക്കട്ടയായിരുന്നുവെന്ന് ആ സ്ത്രീയും സമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്ക് ഇപ്പോഴും വയറുവേദനയുള്ളതിനാൽ ഛത്തർപൂരിലേക്ക് അൾട്രാസൗണ്ടിനായി അയച്ചു.

‘ജൈവശാസ്ത്രപരമായി അസാധ്യം’

മനുഷ്യന് പാമ്പുകളെപ്പോലെയുള്ള ഉരഗങ്ങളെ പ്രസവിക്കാൻ ജൈവശാസ്ത്രപരമായി അസാധ്യമാണെന്ന് വിദഗ്ദ്ധർ വിശദീകരിച്ചു. ഇത്തരം അവകാശവാദങ്ങൾ ആശയക്കുഴപ്പം, അന്ധവിശ്വാസങ്ങൾ അല്ലെങ്കിൽ മാനസിക സമ്മർദ്ദം എന്നിവ കാരണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പാമ്പുകളെ പ്രസവിച്ചെന്ന് അവകാശപ്പെട്ട് കരയുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാല്‍, ഡോക്ടർമാരുടെ പെട്ടെന്നുള്ള പ്രതികരണം വസ്തുതകൾ പുറത്തുകൊണ്ടുവരാനും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും സഹായിച്ചു.