Uncategorized

സ്ത്രീയെ കൈവെള്ളയില്‍ നിര്‍ത്തിയ ഗണേശവിഗ്രഹം; ശില്‍പ്പിയെ കയ്യേറ്റം ചെയ്ത് ബജ്‌റംഗദള്‍, കേസെടുത്ത് പോലീസ്

ഉണ്ടാക്കിവെച്ച ഗണേശവിഗ്രഹം മതവികാരം വ്രണപ്പെടുത്തിയതായി ആരോപിച്ച് ഇന്‍ഡോറില്‍ വന്‍ വിവാദം. ബംഗാളി കലാകാരന്മാര്‍ ചെയ്ത വിഗ്രഹം അനാദരവായി കണക്കാക്കണമെന്ന് ആക്ഷേപിച്ച് ഞായറാഴ്ച ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഒരു ശില്‍പ്പ നിര്‍മ്മാണകേന്ദ്രത്തില്‍ അതിക്രമിച്ചുകയറുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തില്‍ ‘ആക്ഷേപകരവും ആധുനികവുമായ’ രീതിയില്‍ ഗണേശ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചുവെന്ന് ആരോപിച്ചായിരുന്നു കടന്നുകയറ്റവും കയ്യേറ്റവും. മൂന്ന് ശില്‍പ്പികളുടെ മുഖത്ത് പ്രതിഷേധക്കാര്‍ കരിവാരി തേയ്ക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രോഷാകുലരായ പ്രവര്‍ത്തകര്‍ ചന്ദ്രനാഥ് പാല്‍, രത്തന്‍ലാല്‍ പാല്‍, രാജു പാല്‍ എന്നീ കരകൗശല വിദഗ്ധരുടെ മുഖത്ത് കറുപ്പ് പൂശുകയും അവരുമായി ഖജ്രാന പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇതേ സംഘം കരകൗശല വിദഗ്ധര്‍ മുമ്പ് ബുര്‍ഖ ധരിച്ച് ദേവി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അക്രമം നടത്തിയ ബജ്റംഗ്ദള്‍ അംഗങ്ങള്‍ അവകാശപ്പെട്ടു, എന്നാല്‍ കഴിഞ്ഞ വര്‍ഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.

ഒരു വിഗ്രഹത്തില്‍ ഗണേശന്‍ റാമ്പ് വഴി നടക്കുന്നതും മറ്റൊന്നില്‍ ഗണേശന്‍ ഒരു സ്ത്രീയെ കൈകളില്‍ ഉയര്‍ത്തുന്ന നിലയിലുമാണ് ഗണേശ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചതെന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍ തങ്ങള്‍ക്ക് കിട്ടിയ ചില ഓര്‍ഡറുകള്‍ അനുസരിച്ചുള്ള നിര്‍മ്മിതിയാണ് നടത്തിയതെന്നാണ് ശില്‍പ്പികള്‍ വ്യക്തമാക്കി. പ്രതിഷേധവും വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദവും നേരിട്ടതോടെ, ബംഗാളി കരകൗശല വിദഗ്ധര്‍ പരസ്യമായി ക്ഷമാപണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

പ്രതിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ശില്‍പി അതുല്‍ പാല്‍ പറയുന്നത്, സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങളില്‍ നിന്ന് ആശയം ലഭിച്ചതിനെ തുടര്‍ന്ന്, തൊട്ടടുത്തുള്ള ദേവാസ് ജില്ലയിലെ ഉപഭോക്താക്കളാണ് ഈ വിഗ്രഹങ്ങള്‍ ഓര്‍ഡര്‍ ചെയ്തതെന്നാണ്. ബജ്റംഗ് ദളിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപഭോക്താക്കളില്‍ നിന്നുള്ള ഓര്‍ഡര്‍ ശില്‍പ്പികള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.