Sports

16 വര്‍ഷത്തിനിടെ ആദ്യമായി കങ്കാരുക്കള്‍ക്കെതിരേ ഒരു റെക്കോഡ് ; നാട്ടില്‍ ഓസീസിനെതിരേ അഞ്ചുവിക്കറ്റ് നേട്ടം ഈ താരത്തിന് മാത്രം

ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി തന്റെ കരിയറിലെ തന്നെ ഏറ്റവും മാരകമായ ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ പിറന്നത് 16 വര്‍ഷത്തിന് ശേഷം ഒരു റെക്കോഡ്. വെള്ളിയാഴ്ച മൊഹാലിയില്‍ വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ നടത്തിയ അഞ്ച് വിക്കറ്റ് പ്രകടനം നിര്‍ണ്ണായകമായി.

പരമ്പര ഓപ്പണറില്‍ 5/51 എന്ന സ്പെല്ലോടെ ഷമി ഏകദിന ക്രിക്കറ്റിലെ തന്റെ കരിയറിലെ ഏറ്റവും മികച്ച കണക്കുകള്‍ രേഖപ്പെടുത്തി. മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിക്കൊണ്ട് തുടങ്ങിയ ഷമി സ്റ്റീവന്‍ സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു ഷോര്‍ട്ട്, സീന്‍ ആബട്ട് എന്നിവരെയും പുറത്താക്കി.

മിന്നുന്ന പ്രകടനത്തിന്റെ ബലത്തില്‍, 16 വര്‍ഷത്തിനിടെ സ്വന്തം തട്ടകത്തില്‍ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ പേസറായിട്ടാണ് ഷമി മാറിയത്. 2007ല്‍ ഗോവയില്‍ സഹീര്‍ ഖാനാണ് ഈ നേട്ടം കൈവരിച്ച അവസാന ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍. എന്നാല്‍ ഓസ്ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ഷമി.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളായ അജിത് അഗാര്‍ക്കറിനും കപില്‍ ദേവിനും ഒപ്പം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ പേസറായി മാറിയിരിക്കുകയാണ് ഷമി. അഗാര്‍ക്കറും കപിലും വിദേശത്താണ് ഈ നേട്ടം കൈവരിച്ചത്. 1983 ല്‍ നോട്ടിംഗാമിലാണ് കപില്‍ ഈ നേട്ടം കൊയ്തത്. 2004 ല്‍ അഗാര്‍ക്കര്‍ മെല്‍ബണില്‍ വെച്ചും അഞ്ചുവിക്കറ്റ് ഓസീസിനെതിരേ നേടിയിട്ടുണ്ട്.

രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ക്ക് മാത്രം ഇടം നല്‍കുന്ന ഒരു കോമ്പിനേഷന്‍ ആണ് ടീം ഇന്ത്യ തിരഞ്ഞെടുത്തത്. ശ്രീലങ്കയ്‌ക്കെതിരായ 2023 ഏഷ്യാ കപ്പ് ഫൈനലില്‍ മുഹമ്മദ് സിറാജിന്റെ മിന്നുന്ന പ്രകടനത്തിന് ശേഷം ഷമി അല്‍പ്പം പിന്നിലായിപ്പോയി. ലോകകപ്പില്‍ മികച്ച ഇലവനെ വെയ്ക്കാന്‍ സിറാജിന് വിശ്രമം നല്‍കിയിരിക്കുയാണ്. അതുകൊണ്ടാണ് ഷമിയ്ക്ക് ബുംറയ്‌ക്കൊപ്പം പന്ത് പങ്കിടാന്‍ അവസരം കിട്ടിയത്.