ഉറ്റവരുടെ പ്രാര്‍ഥനകള്‍ വിഫലമാക്കി, ജീവന് നിലനിര്‍ത്താനുള്ള രണ്ടാഴ്ചത്തെ പോരാട്ടം അവസാനിപ്പിച്ച് കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി അരുണ്‍ (44) യാത്രയായി; ആറു പേര്‍ക്കു പുതുജീവനേകി. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലിരുന്ന തിരുവഞ്ചൂര്‍ പുത്തേട്ടില്‍ രോഹിണിയില്‍ അരുണ്‍ കഴിഞ്ഞ ദിവസം രാത്രിയാണു മരിച്ചത്.
യെസ് ബാങ്ക് തിരുവനന്തപുരം, വഴുതക്കാട് ബ്രാഞ്ച് മാനേജറായ അരുണ്‍, കഴിഞ്ഞ 26ന് തിരുവനന്തപുരത്തെ താമസസ്ഥലത്തു കുഴഞ്ഞുവീഴുകയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതോടെ അരുണിന്റെ ഭാര്യ ദേവി വിവരം ബാങ്ക് അധികൃതരെ ധരിപ്പിച്ചു. അവര്‍ എത്തിയപ്പോഴാണ് ബോധമറ്റ നിലയില്‍ അരുണിനെ കണ്ടെത്തുന്നത്. ഉടന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവിതത്തിലേക്കു തിരികെയെത്താനുള്ള 14 ദിവസത്തെ പോരാട്ടത്തിനു ഫലമുണ്ടായില്ല. കഴിഞ്ഞ എട്ടിനു രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
അവയവദാനത്തിന് അരുണ്‍ മുമ്പ് സമ്മതപത്രം നല്‍കിയത് അറിയാവുന്ന ഉറ്റവര്‍ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനിയെ സമീപിച്ചു. തുടര്‍ന്ന് വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കു ദാനം ചെയ്തു.
രാത്രി ആരംഭിച്ച അവയവദാന ശസ്ത്രക്രിയ ഇന്നലെ പുലര്‍ച്ചെവരെ നീണ്ടു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആശുപത്രി അധികൃതര്‍ അരുണിനെ യാത്രയാക്കിയത്.
മൃതദേഹം ഇന്നു രാവിലെ 10നു വീട്ടില്‍ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞു മൂന്നിന്. പിതാവ്: ജനാര്ദനന് നായര്‍ (തിരുവഞ്ചൂര്‍ 444-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ്). മാതാവ്: രാധ (റിട്ട അധ്യാപിക). ഭാര്യ: എസ്. ദേവിപ്രസാദ്. മക്കള്‍: ആദിത്യ നായര്‍, നിതാര നായര്‍.




