മോസ്കോ വിമാനത്താവളത്തില്‍ രണ്ടുവയസുള്ള ഇറാനിയന്‍ കുഞ്ഞിനെ തറയിലടിച്ച് യാത്രക്കാരന്റെ കൊടുംക്രൂരത. തലയോട്ടിക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ കുട്ടി അബോധാവസ്ഥയില്‍ ജീവനുവേണ്ടി പൊരുതുന്നു.
ഇറാനിലെ ഇസ്രേലി ബോംബാക്രമണത്തില്‍നിന്ന് ജീവനുംകൊണ്ടു രക്ഷപ്പെട്ട് അമ്മയ്ക്കൊപ്പം റഷ്യയില്‍ എത്തിയ കുട്ടിയ്ക്കാണ് ഈ ദുരനുഭവം. ആക്രമണത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് കുഞ്ഞിനുനേരേ റഷ്യന്‍ പൗരന്റെ ആക്രമണമുണ്ടായത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തില്‍ ട്രോളി ബാഗിന്റെ ഹാന്‍ഡില്‍ പിടിച്ചു നില്ക്കുന്ന കുട്ടിയെ വീഡിയോയില്‍ കാണാം. നെറ്റിയില്‍ കറുത്ത കണ്ണട ധരിച്ച് കൈകള്‍ പോക്കറ്റില്‍ വച്ച് ഒരാള്‍ പിന്നില്‍ തൊട്ടടുത്തായി നില്ക്കുന്നു. വെളുത്ത ടി-ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച ഇയാള്‍, ആരെങ്കിലും കാണുന്നുണ്ടോയെന്ന് ചുറ്റും നോക്കുന്നു. തുടര്‍ന്ന് അടുത്തേക്ക് നീങ്ങിയ ഇയാള്‍ കുട്ടിയെ എടുത്ത് തറയിലേക്ക് എറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കോരിയെടുക്കാന്‍ മറ്റൊരാള്‍ ഓടിയെത്തുന്നതും കാണാം. ഷെറെമെത്യേവോ വിമാനത്താവളത്തിലാണ് സംഭവം. ഗര്‍ഭിണിയായ അമ്മയ്ക്കൊപ്പമാണ് കുഞ്ഞ് റഷ്യയിലെത്തിയത്. അമ്മ പുഷ്ചെയര്‍ എടുക്കുന്നതിനിടെയാണ് പിഞ്ചുകുഞ്ഞിനു നേരേ ആക്രമണം നടന്നത്.
അക്രമി ബെലാറസില്‍ നിന്നുള്ള വ്ളാഡിമിര്‍ വിറ്റ്കോവ്(31) ആണെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിനു പിന്നില്‍ വംശീയ വിദ്വേഷമോ മറ്റേതെങ്കിലും പ്രേരണയോ ഉണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിലാണോയെന്നും സംശയിക്കുന്നു.




