Oddly News

അപ്രതീക്ഷിത റേഡിയോ സന്ദേശം: പിന്നില്‍ 58വര്‍ഷംമുമ്പ്‌ നാസ ഉപേക്ഷിച്ച ഉപഗ്രഹം

ബഹിരാകാശത്തുനിന്നും അപ്രതീക്ഷിതമായി എത്തിയ ശക്‌തമായ റേഡിയോ സിഗ്നലിന്റെ പേരില്‍ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ ആശയക്കുഴപ്പം. 58 വര്‍ഷം മുമ്പ്‌ നാസ ഉപേക്ഷിച്ച ഉപഗ്രഹത്തില്‍നിന്നാണു സിഗ്നല്‍ പുറത്തുവന്നതെന്നു പിന്നീട്‌ കണ്ടെത്തി.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ റേഡിയോ ദൂരദര്‍ശിനികളിലാണു നാസയുടെ റിലേ-2 ഉപഗ്രഹത്തില്‍നിന്നുള്ള സിഗ്നല്‍ പതിഞ്ഞത്‌.

തീവ്രവുമായ സിഗ്നല്‍ കഷ്‌ടിച്ച്‌ ഒരു സെക്കന്‍ഡ്‌ മാത്രമാണു നീണ്ടത്‌. റേഡിയോ തരംഗങ്ങളുടെ അടിസ്‌ഥാനത്തില്‍ അത്‌ ഭൂമിയില്‍നിന്നുള്ള വീക്ഷണത്തില്‍ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്‌തുവായി മാറി, ഗാലക്‌സികളെയും നക്ഷത്രങ്ങളെയുംകാള്‍ തിളക്കം!

1964ലാണു നാസ ആശയവിനിമയ ഉപഗ്രഹമായ റിലേ 2 വിക്ഷേപിച്ചത്‌. 1967ല്‍ അതിന്റെ രണ്ട്‌ ട്രാന്‍സ്‌മിറ്ററുകളും പ്രവര്‍ത്തന രഹിതമായി. അതോടെ ഉപഗ്രഹം ഉപേക്ഷിക്കപ്പെട്ടു.

സിഗ്നല്‍ ഉപഗ്രഹത്തിലെ ഉപകരണങ്ങളില്‍നിന്നല്ല വന്നതെന്നു ഗവേഷകര്‍ വ്യക്‌തമാക്കി. ഒരു ബാഹ്യ സംഭവം മൂലമാകാം അതു സംഭവിച്ചത്‌. സ്‌ഫോടനം ക്ഷണനേരം 400 വാട്ട്‌ ശക്‌തി പുറത്തുവിട്ടു, ഒരു ചെറിയ മൈക്രോവേവ്‌ ഓവന്‍ പുറത്തുവിടുന്നയത്ര. ഭൂമിയുടെ കാന്തിക ക്ഷേത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭരിക്കപ്പെട്ട ചാര്‍ജ്‌ പെട്ടെന്നു പുറത്തുവിട്ടതാകാം സിഗ്നലുകള്‍ക്കു കാരണമെന്നാണ്‌ ഒരു വാദം.

ചെറിയ കല്ലിന്റെ വലിപ്പമുള്ള ബഹിരാകാശ വസ്‌തുവുമായുള്ള കൂട്ടിയിടിയാകാമെന്നാണു മറ്റൊരു വാദം.