2025 ജൂണ്‍ 12-ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് എഐ 171, പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നടന്ന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനവും വീണ്ടെടുക്കല്‍ ശ്രമങ്ങളും നടന്നു. തീപിടുത്തത്തില്‍ മരണപ്പെട്ട മനുഷ്യര്‍ക്കൊപ്പം മറ്റൊരു വിഭാഗം ജീവനുകളും നശിപ്പിക്കപ്പെട്ടു. ഡസന്‍ കണക്കിന് തെരുവ് മൃഗങ്ങളുടെ ആവാസ കേന്ദ്രത്തെയാണ് അപകടം ചാമ്പലാക്കിയത്.
വിമാനാപകടത്തില്‍ പെട്ടുപ്പോയ തെരുവിലെ പക്ഷിമൃഗാദികളെ പരിപാലിക്കാന്‍ സര്‍ക്കാരിതര സംഘടനയായ ദര്‍ശന ആനിമല്‍ വെല്‍ഫെയര്‍ രംഗത്തുവന്നു. അനേകം മൃഗങ്ങളെയാണ് രക്ഷിച്ചത്. കത്തിനശിച്ച വാഹനങ്ങള്‍, കരിഞ്ഞ നിലം, തീപിടിക്കപ്പെട്ട മൃഗങ്ങളുടെ നിര്‍ജീവ ശരീരങ്ങള്‍ എന്നിവ ഹൃദയഭേദകമായ കാഴ്ചയായിരുന്നെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.
കുറഞ്ഞത് ആറോ ഏഴോ നായ്ക്കളും 50ലധികം പക്ഷികളും തീയില്‍ നശിച്ചു. എന്നാല്‍ നാശത്തിനിടയിലും ഈ സംഘടനയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ജീവന്‍ രക്ഷിക്കാനുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് മുതല്‍ അര്‍ദ്ധരാത്രി വരെ ജോലി ചെയ്ത ടീമിന് നാല് നായ്ക്കള്‍, ഏഴ് പക്ഷികള്‍ എന്നിവ ഉള്‍പ്പെടെ പരിക്കേറ്റ നിരവധി മൃഗങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞു.
പല പക്ഷിമൃഗാദികളും വിമാനാപകടം ഉണ്ടായതിന്റെ ഞെട്ടലിലായിരുന്നു, ഭക്ഷണം കഴിക്കാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിയാതെ അവ ഇപ്പോള്‍ വെറ്ററിനറി പരിചരണത്തിലാണ്. ഇവയ്ക്ക് ഭക്ഷണത്തിനൊപ്പം മരുന്നുകളും മള്‍ട്ടിവിറ്റാമിനുകളും നല്‍കുന്നു. മൃഗങ്ങളില്‍ പലതും പ്രദേശവാസികളെ ഭക്ഷണത്തിന് ആശ്രയിച്ചു വന്നവയായിരുന്നു.
ദര്‍ശനയുടെ ടീം പാലും ബിസ്‌ക്കറ്റും വൈദ്യസഹായവും നല്‍കുന്നത് തുടരുകയാണ്. അപകടത്തില്‍ മറന്നുപോയ ഇരകള്‍ക്ക് ആശ്വാസം പകരാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ദര്‍ശന ചെയ്യുന്നു.




