Crime

പ്രണയം വീട്ടുകാര്‍ സമ്മതിച്ചില്ല ; കാമുകിയെ മാതാവ് പോക്‌സോകേസില്‍ കുടുക്കി; 17 കാരന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: കാമുകിക്കും അമ്മയ്ക്കും എതിരെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 17 കാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ രാമപുരത്ത് നടന്ന സംഭവത്തില്‍ എഞ്ചിനീയറിംഗ് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. കോടമ്പാക്കത്തെ കോളേജില്‍ പഠിക്കുന്ന കൗമാരക്കാരന്‍ അതേ കോളേജിലെ 19 കാരിയും സീനിയര്‍ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഈ ബന്ധം അംഗീകരിച്ചില്ല.

മകനുമായി ബന്ധം വേര്‍പെടുത്താന്‍ ആവശ്യപ്പെട്ട് മാതാവ് പെണ്‍കുട്ടിയുമായി വഴക്കിടുകയും അവന്‍ ഇപ്പോഴും പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും അവന്റെ പഠനത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കരുതെന്നും പറഞ്ഞു. കാമുകി നടന്ന കാര്യം പറഞ്ഞപ്പോള്‍ കൗമാരക്കാരന്‍ അമ്മയെ ശാസിച്ചു. ഇതോടെ യുവതിക്കും അമ്മയ്ക്കും എതിരെ ഇയാളുടെ അമ്മ വളസരവാക്കം ഓള്‍-വുമണ്‍ പോലീസില്‍ പരാതി നല്‍കി.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിന് ഇവരെ വിളിച്ചിരുന്നു. കുപിതനായ 17 കാരന്‍ അമ്മയുമായി ഇടയ്ക്കിടെ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥിയെ അമ്മ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ മനശ്ശാസ്ത്രവിദഗ്ദ്ധരെ സമീപിക്കണം)