Featured Good News

തോണിക്കാരന്‍ സമ്പാദിച്ചത് 30 കോടി രൂപ; 66 കോടി ഭക്തര്‍ക്ക് ആതിഥ്യമരുളിയ കുംഭമേള

ലഖ്നൗ: ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളില്‍ ഒന്നാണ് കുംഭമേള . 66 കോടിയിലധികം ഭക്തര്‍ക്ക് ആതിഥ്യമരുളിയ കുംഭമേള ഓട്ടോഡ്രൈവര്‍മാര്‍, ഭക്ഷണം വില്‍ക്കുന്നവര്‍, തോണിക്കാര്‍ തുടങ്ങി ദരിദ്രസാഹചര്യത്തില്‍ ജീവിച്ച അനേകരെയാണ് പണക്കാരാക്കി മാറ്റിയത്.

അത്തരം കഥകള്‍ക്കിടയില്‍ പിന്റു മഹാരാ എന്ന തോണിക്കാരന്‍ സമ്പാദിച്ചത് 30 കോടി രൂപ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രയാഗ്‌രാജിൽ നിന്നുള്ള ഈ ബോട്ടുകാരന്റെയും കുടുംബത്തിന്റെയും കഥ പങ്കുവെച്ചത്.

45 ദിവസത്തെ കുംഭമേളയില്‍ പ്രയാഗ്രാജിലെ അരയില്‍ പ്രദേശത്തെ ബോട്ടുകാരന്‍ പിന്റു മഹാര, വിവിഐപികള്‍ക്കും സാധാരണ ഭക്തര്‍ക്കും അവരുടെ വിശുദ്ധ സ്‌നാനത്തിന് സൗകര്യമൊരുക്കി സ്‌നാനഘട്ടങ്ങളിലെത്തിക്കുമ്പോള്‍ പിന്റു മഹാരയും കുടുംബവും സമ്പാദിച്ചത് 30 കോടി രൂപ.

അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കുമായി 130 ബോട്ടുകളുണ്ട്. 100-ലധികം അംഗങ്ങളുള്ള ഒരു വലിയ കുടുംബമാണ് പിന്റു മഹാരയുടേത്. 60 ബോട്ടുകള്‍ ഉണ്ടായിരുന്ന പിന്റു മഹാമേളയ്ക്കുവേണ്ടി കൂടുതല്‍ ​ബോട്ടുകള്‍ കരുതിയിരുന്നു.

2019 ല്‍ 24 കോടി ഭക്തര്‍ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തിയിരുന്നു. മഹാകുംഭം-2025-ന് ഇതിലും വലിയൊരു ജനപ്രവാഹം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണക്കുകൂട്ടിയ പിന്റു മഹാര അതിനുള്ള തയാറെടുപ്പുകള്‍ നേരത്തേ തുടങ്ങി. ഈ ദീര്‍ഘവീക്ഷണത്തോടെ, 70 ബോട്ടുകള്‍ അധികം വാങ്ങിയ അദ്ദേഹം തന്റെ കുടുംബത്തിന്റെ തോണികളുടെ എണ്ണം 130 ആയി ഉയര്‍ത്തി.

കുടുംബത്തിലെ സ്ത്രീകളുടെ ആഭരണങ്ങള്‍ പണയംവച്ചാണ് പിന്റു തോണികള്‍ വാങ്ങിയത്. പിന്റുവിന്റെ ബിസിനസ് പ്ളാന്‍ കൃത്യമായി വര്‍ക്ക്ഔട്ടായി.
കുംഭമേളയ്ക്കുശേഷം കിട്ടിയ വരുമാനംകൊണ്ട് പിന്റുവും അതുപോലെ പലരും തങ്ങളുടെ വായ്പ തിരിച്ചടച്ച സന്തോഷത്തിലാണ്. പിന്റുവാകട്ടെ തലമുറകളോളം കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്ന വന്‍വരുമാനവും നേടി.