Crime

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മാതാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

പൂനെ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും നടനും മോഡലുമൊക്കെയായ സലില്‍ അങ്കോളയുടെ മാതാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പൂനെയിലെ ഫ്‌ളാറ്റില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിവുകള്‍ സ്വയം വരുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മാലാ അശോക് അങ്കോളയുടെ (77) മൃതദേഹം ഉച്ചയോടെ ഡെക്കാന്‍ ജിംഖാന ഏരിയയിലെ പ്രഭാത് റോഡിലെ ഫ്‌ളാറ്റിലാണ് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വീട്ടുജോലിക്കാരി ഫ്‌ളാറ്റിലേക്ക് വരികയും ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് പുറത്തറിയുന്നത്.

”ബന്ധുക്കള്‍ എത്തി വാതില്‍ തുറന്നപ്പോള്‍ മാലാ അശോകിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രഥമദൃഷ്ട്യാ, മുറിവുകള്‍ സ്വയം വരുത്തിവച്ചതാണെന്ന് തോന്നുന്നു. എന്നിരുന്നാലും, ഞങ്ങള്‍ കേസ് എല്ലാ കോണുകളില്‍ നിന്നും അന്വേഷിക്കുന്നു.” ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് സിംഗ് ഗില്‍ പറഞ്ഞു. മാലാ അശോകിന് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നതായും ഗില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് വേണ്ടി 1989 നും 1997 നും ഇടയില്‍ ക്രിക്കറ്റ് കളിച്ചതാരമാണ് സലില്‍ അങ്കോള. ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു ടെസ്റ്റും 20 ഏകദിനങ്ങളും കളിച്ച അദ്ദേഹത്തിന് ടീമില്‍ സ്ഥിരത പുലര്‍ത്താനായില്ല. ക്രിക്കറ്റ് വിട്ട അദ്ദേഹം പിന്നീട് സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *