Movie News

പൃഥ്വിരാജിനെതേടി വമ്പന്‍ അവസരങ്ങള്‍; രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷം?

ഒറ്റപ്പെട്ടതും വേറിട്ടതുമായ വഴികളിലൂടെയാണ് സഞ്ചാരമെങ്കിലും ഇന്ത്യന്‍ സിനിമയുടെ നെറുകയിലാണ് മലയാളസിനിമ. മലയാളത്തിലെ അനേകം യുവതാരങ്ങളാണ് പാന്‍ ഇന്ത്യന്‍ നീക്കം നടത്തുന്നത്. ഈ നിരയില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ പൃഥ്വിരാജ് സുകുമാരനാണ്. സലാറും ബഡേമിയാന്‍ ഛോട്ടേ മിയാനും അടക്കം വമ്പന്‍ ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുള്ള പൃഥ്വിരാജിന് കരിയറിലെ ഏറ്റവും മികച്ച അവസരവും തേടിവന്നിരിക്കുയാണ്. എസ്എസ് രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്നാണ് പുതിയ വിവരം.

എസ്എസ് രാജമൗലിയ്ക്കും മഹേഷ് ബാബുവിനുമൊപ്പം ആദ്യമായിട്ടാണ് പൃഥ്വിരാജ് സഹകരിക്കുന്നത്. താല്‍ക്കാലികമായി ‘എസ്എസ്എംബി 29’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ വില്ലനായി എത്തേണ്ടിയിരുന്ന ബോളിവുഡിലെ ആമിര്‍ഖാന്റെ പകരക്കാരനായിട്ടാണ് പൃഥ്വി എത്തുന്നതെന്നാണ് വിവരം. ആമിര്‍ ഖാന്റെ പേരായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് ആദ്യം കേട്ടിരുന്നത്. ആമിറും രാജമൗലിയും മുംബൈയില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ പൃഥ്വിരാജ് വില്ലനാകുമെന്നണ് വിവരം.

സിനിമയില്‍ ഇന്തോനേഷ്യന്‍ നടി ചെല്‍സി എലിസബത്ത് ഇസ്ലാന്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഇന്തോനേഷ്യന്‍ നടി രാജമൗലിയെ പിന്തുടരാന്‍ തുടങ്ങുകയും ചെയ്തിരുന്നു. അതേസമയം ഇരുവരും സിനിമയില്‍ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും അണിയറക്കാര്‍ നടത്തുകയും ചെയ്തിരുന്നില്ല. അക്ഷയ്കുമാറും ടൈഗര്‍ ഷ്രോഫും നായകന്മാരായി എത്തിയ സിനിമയില്‍ പൃഥ്വിരാജായിരുന്നു വില്ലന്‍ വേഷം ചെയ്തത്. നേരത്തേ സലാറിലും പൃഥ്വിയെ കണ്ടിരുന്നു. അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തിരക്കിലാണ് പൃഥ്വിരാജ്.