Lifestyle

ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ ഒരിയ്ക്കലും ചെയ്യരുത്

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം….

* ആഹാര ശേഷം ഉടനെ ഉറങ്ങേണ്ട – ആഹാരം കഴിച്ചു കഴിഞ്ഞ് ഉടന്‍ ഉറങ്ങുന്ന ശീലമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ ഇത് തെറ്റാണ്. ദഹനത്തെ തടസ്സപ്പെടുത്താന്‍ മാത്രമാണ് ഇത് ഉപകരിയ്ക്കുന്നത്.

* കുളി വേണ്ട – ആഹാരം കഴിച്ച ഉടനെ കുളിയ്ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്ന കാര്യമാണ്. ‘ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം’ എന്ന പഴഞ്ചൊല്ല് പോലും ഉണ്ട്. ആഹാരം കഴിച്ചിട്ട് ഉടന്‍ കുളിയ്ക്കുന്നത് ദഹനത്തിന് തടസ്സമാകുന്നു എന്നതാണ് ഇതിനു പിന്നിലെ കാരണം.

* പുകവലിയോടു ‘നോ ‘ – ആഹാര ശേഷം പുക വലിയ്ക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ അത് ശരീരത്തിന് ദോഷം ചെയ്യുന്ന കാര്യമാണ്. ഗവേഷകര്‍ പറയുന്നത് ആഹാരശേഷം ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ്.

* ഉടനെ നടക്കേണ്ട – ആഹാരം കഴിച്ച ഉടനെ നടക്കാനിറങ്ങേണ്ട. ഇത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ആഹാരശേഷം അരമണിക്കൂര്‍ കഴിഞ്ഞു വേണം നടക്കാന്‍.

* ആഹാര ശേഷം ബെല്‍റ്റ് അയയ്ക്കുന്നത് – ആഹാര ശേഷം വയര്‍ അല്‍പം കൂടുക സാധാരണമാണ്. എന്നാല്‍ ആ സമയം ബെല്‍റ്റ് അല്‍പം ലൂസാക്കാന്‍ പാടില്ലെന്ന് പറയുന്നത് തെറ്റാണ്. വളരെയധികം ഇറുകിപ്പിടിച്ചിരിക്കുന്ന ബെല്‍റ്റ് ദഹനത്തെ സുഗമമാക്കില്ല. ഒപ്പം വല്ലാത്ത അസ്വസ്ഥതയുമുണ്ടാക്കും. ഏറ്റവും നല്ലത് ഇതിനൊന്നും നില്‍ക്കാതെ ആവശ്യത്തിന് ആഹാരം കഴിക്കുക എന്നതാണ്.

* പഴങ്ങള്‍ ഉടന്‍ വേണ്ട – ആഹാരശേഷം ഉടന്‍ ഫ്രൂട്‌സ് വേണ്ട. ആഹാരത്തിനു പിന്നാലെ പഴവര്‍ഗങ്ങള്‍ ഉള്ളിലെത്തിയാല്‍ അവ ദഹിക്കാന്‍ ഏറെ സമയമെടുക്കും. ആഹാരത്തിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു വേണം പഴങ്ങള്‍ കഴിക്കാന്‍.

* ചായ വേണ്ട – തേയില ഇലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ആണ് ഇവിടെ വില്ലന്‍. ഇത് ആഹാരത്തിലെ പ്രോട്ടീന്‍ അംശത്തെ ദഹിക്കാന്‍ കൂടുതല്‍ സമയമെടുപ്പിക്കും.