Movie News

നിത്യാമേനോന് ഓഫര്‍ ചെയ്തിരുന്ന റോള്‍ അമലാപോള്‍ നിരസിച്ചു ; ചെയ്തത് കീര്‍ത്തീസുരേഷ്, ദേശീയവാര്‍ഡും തേടിവന്നു

വളരെ കുറച്ചു സമയം കൊണ്ട് ഇന്ത്യയിലെ മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെ പേരെടുത്തിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. താരത്തിന്റെ ബോളിവുഡ് ചിത്രം വരാനിരിക്കെ നടിക്ക് ദേശീയ പുരസ്‌ക്കാര നേട്ടത്തിലേക്ക് എത്താന്‍ അവസരമായത് നടി അമലാപോള്‍. ബോക്സ് ഓഫീസില്‍ നിരൂപക വിജയവും വാണിജ്യ വിജയവും നേടിയ ‘മഹാനടി’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഈ വേഷം ആദ്യം തേടി വന്നത് അമലാപോളിനായിരുന്നു.

മഹാനടിയുടെ നിര്‍മ്മാതാക്കളുടെ ആദ്യ ചോയ്സ് കീര്‍ത്തി ആയിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹാനടിയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷിനെ ആദ്യം തിരഞ്ഞെടുത്തിരുന്നില്ല. ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് തന്നെയാണെന്ന് നടി അമല പോള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നിരുന്നാലും, വ്യക്തിപരമായ കാരണങ്ങളാല്‍, അവള്‍ക്ക് ഓഫര്‍ നിരസിക്കേണ്ടി വന്നു.

”അന്ന് എനിക്ക് വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതിനാല്‍ മഹാനടി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മഹാനടി എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ സാവിത്രിയുടെ വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് എന്നെ തന്നെയായിരുന്നു,” അമല പോള്‍ ഒരു തെലുങ്ക് വിനോദ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനുമായിരുന്നു പ്രധാന വേഷത്തില്‍. സാമന്ത റൂത്ത് പ്രഭുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതേസമയം മഹാനടി എന്ന ചിത്രം ആദ്യം നിത്യ മേനോന് ഓഫര്‍ ചെയ്തിരുന്നതായും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം, തെലുങ്ക് ചിത്രമായ ഹെബ്ബുലിയിലാണ് അമല പോള്‍ അവസാനമായി അഭിനയിച്ചത്. രായണ്‍, ലെവല്‍ ക്രോസ്, ദ്വിജ, ആട് ലൈഫ് എന്നിവയുള്‍പ്പെടെ വരാനിരിക്കുന്നത് അനേകം ചിത്രങ്ങളാണ്്.