Featured Lifestyle

ഭര്‍ത്താവിന് ആക്രിക്കച്ചവടം : ഭാര്യ 55-ാം വയസ്സില്‍ 17-ാമത്തെ കുഞ്ഞിന് ജന്മം നല്‍കി !

ജയ്പൂര്‍: കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരു 55കാരി തന്റെ പതിനേഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ ഝഡോള്‍ ബ്ലോക്കിലുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 55 വയസ്സുള്ള രേഖ കല്‍ബേലിയയാണ് തന്റെ 17-ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഈ അപൂര്‍വ സംഭവമറിഞ്ഞ് ബന്ധുക്കളും അഭ്യുദയകാംക്ഷികളും, അവരുടെ പേരക്കുട്ടികളും വരെ ആശുപത്രിയിലെത്തി.

ലിലവാസ് ഗ്രാമവാസികളായ രേഖയ്ക്കും കവറയ്ക്കും തങ്ങളുടെ വിവാഹജീവിതത്തില്‍ 17 കുട്ടികളാണ് ജനിച്ചത്. ഇതിലെ അഞ്ച് പേര്‍, നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും, ജനിച്ചയുടനെതന്നെ മരണപ്പെട്ടു. നിലവില്‍ ഈ ദമ്പതികള്‍ക്ക് ഏഴ് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമടക്കം 12 മക്കളുണ്ട്.

ഇതില്‍ രണ്ട് ആണ്‍മക്കളുടെയും മൂന്ന് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. വിവാഹിതരായ മക്കള്‍ക്ക് കുട്ടികളുമുണ്ട്, അതായത് രേഖ ഏറ്റവും ഇളയ കുഞ്ഞിന്റെ ജനനത്തിന് മുന്‍പ് തന്നെ പലതവണ മുത്തശ്ശിയായി കഴിഞ്ഞു.

ഈ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. ആക്രി കച്ചവടക്കാരനായ കവറ, തന്റെ മക്കളുടെ വിവാഹങ്ങള്‍ നടത്താന്‍ പലിശയ്ക്ക് പണം കടം വാങ്ങേണ്ടി വന്നതായി പറഞ്ഞു. കുടുംബത്തില്‍ ആരും ഇന്നുവരെ സ്‌കൂളില്‍ പോയിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു.

ഇത് തന്റെ നാലാമത്തെ പ്രസവമാണെന്നാണ് രേഖ ആദ്യം പറഞ്ഞതെന്നാണ് പ്രസവത്തിന് മേല്‍നോട്ടം വഹിച്ച ഡോ. റോഷന്‍ ദരംഗി പറഞ്ഞത്. ‘പിന്നീടാണ് അവര്‍ക്ക് ഇതിനകം 16 കുട്ടികളുണ്ടെന്നും, അതില്‍ അഞ്ചുപേര്‍ മരണപ്പെട്ടുവെന്നും ഞങ്ങള്‍ക്ക് മനസ്സിലായത്’.

ഇത്രയധികം പ്രസവങ്ങള്‍ നടന്നതിനാല്‍ ഗര്‍ഭപാത്രം ദുര്‍ബലമാവുകയും അമിത രക്തസ്രാവത്തിനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. അമ്മയുടെ ജീവന്‍ പോലും അപകടത്തിലാകാന്‍ സാധ്യതയുണ്ടായിരുന്നു. ഭാഗ്യവശാല്‍, എല്ലാം സുഗമമായി നടന്നു,’ ഡോക്ടര്‍ പറഞ്ഞു.