ലണ്ടൻ: നീണ്ട 23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വിവാഹമോചന കേസിൽ അനുകൂലവിധി. യുകെയിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന കേസുകളിലൊന്നിലൂടെ 6.6 മില്യൺ പൗണ്ട് (ഏകദേശം 85 കോടി രൂപ) ആണ് വർഷയ്ക്ക് ലഭിച്ചത്. 2002-ലാണ് അവർ ഭർത്താവ് ഭദ്രേഷ് ഗോഹിലിനെതിരെ വിവാഹമോചന കേസ് ഫയൽ ചെയ്തത്. ഭർത്താവിന്റെ വിവാഹേതര ബന്ധവും അനുചിതമായ പെരുമാറ്റവുമായിരുന്നു കാരണം.
അക്കാലത്ത് ഏകദേശം 270,000 പൗണ്ടും (ഏകദേശം 3.5 കോടി രൂപ) കുടുംബത്തിന്റെ കാറും നൽകാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥ വർഷ അംഗീകരിച്ചിരുന്നു. ഭർത്താവ് തന്റെ യഥാർഥ സ്വത്ത് വിവരങ്ങൾ ഒളിപ്പുവെച്ചതായി സംശയമുണ്ടായിരുന്നെങ്കിലും അത് തെളിയിക്കാൻ വർഷയുടെ പക്കൽ രേഖകളില്ലായിരുന്നു. എന്നാൽ മുൻ നൈജീരിയൻ ഗവർണർ ജെയിംസ് ഇബോറിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭദ്രേഷ് ഗോഹിൽ പ്രതിയായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
വിദേശ കമ്പനികളും അക്കൗണ്ടുകളും വഴി ലക്ഷക്കണക്കിന് പൗണ്ട് മാറ്റാൻ ഭദ്രേഷ് സഹായിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതോടെ 2011-ൽ ഭദ്രേഷിന് 10 വർഷം തടവുശിക്ഷ ലഭിച്ചു. വിവാഹമോചന കേസ് നടന്ന സമയത്ത് ഭദ്രേഷ് കോടിക്കണക്കിന് പൗണ്ടിന്റെ സ്വത്ത് ഒളിപ്പുവെച്ചതായി ഇതോടെ ബോധ്യപ്പെട്ടു.
വിവിധ രാജ്യങ്ങളിലെ കമ്പനികൾ വഴി മറച്ചുവെച്ച അദ്ദേഹത്തിന്റെ 28 മില്യൺ പൗണ്ട് മരവിപ്പിക്കാൻ അധികൃതർ നടപടി തുടങ്ങി. ഭദ്രേഷ് നൽകിയ സ്വത്ത് വിവരങ്ങൾ തെറ്റാണെന്ന് വ്യക്തമായതോടെ കേസ് യുകെ സുപ്രീം കോടതിയിലെത്തി. സ്വത്തുക്കൾ പൂർണ്ണമായി വെളിപ്പെടുത്താത്തതിനാൽ സാമ്പത്തിക ഒത്തുതീർപ്പ് നടപടികൾ പുനരാരംഭിക്കാൻ 2015-ൽ സുപ്രീം കോടതി വർഷയ്ക്ക് അനുമതി നൽകി. എന്നാൽ അതിനുശേഷവും നിയമപോരാട്ടം നീണ്ടുപോയി.
ഭദ്രേഷിന്റെ മരവിപ്പിച്ച സ്വത്തുക്കൾ പൂർണ്ണമായും കുറ്റകൃത്യത്തിലൂടെ നേടിയതാണെന്നും അവ സർക്കാർ കണ്ടുകെട്ടണമെന്നുമാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വാദിച്ചത്. എന്നാൽ ഈ സ്വത്തുക്കളിൽ ഒരു ഭാഗമെങ്കിലും വിവാഹജീവിത കാലത്ത് നിയമപരമായ ബിസിനസ്സിലൂടെ ഉണ്ടാക്കിയതാണെന്നും അതിനാൽ അത് ദാമ്പത്യ സ്വത്തായി കണക്കാക്കണമെന്നും മൂന്ന് കുട്ടികളുടെ അമ്മയായ വർഷ വാദിച്ചു. അതേസമയം, ആ സ്വത്തുക്കളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഭദ്രേഷ് ഗോഹിൽ സ്വീകരിച്ചത്.
കേസ് പരിഗണിച്ച ഹൈക്കോടതി ഭദ്രേഷിന്റെ വാദങ്ങളെ തള്ളുകയും അദ്ദേഹത്തെ സത്യസന്ധതയില്ലാത്ത വ്യക്തി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സ്വത്തുക്കളുടെ ഒരു ഭാഗം നിയമപരമായി നേടിയതാണെന്ന് കണ്ടെത്തിയ കോടതി, അതിൽ 6.6 മില്യൺ പൗണ്ട് (ഏകദേശം 85 കോടി രൂപ) വർഷ ഗോഹിലിന് നൽകാൻ ഉത്തരവിട്ടു. ഈ കേസിൽ ഇനി കൂടുതൽ അപ്പീലുകൾ ഉണ്ടാകില്ലെന്ന് യുകെ അപ്പീൽ കോടതി വ്യക്തമാക്കിയതോടെയാണ് ഈ ദീർഘകാല കേസിന് അവസാനമായത്.




