Crime

അഭിരാമിനെ കൊന്നത് 17കാരന്‍, ഒത്താശചെയ്തത് കാമുകിമാരായ 18-കാരികള്‍, ഉപദേശം 22 കാരന്‍, എന്തു പറ്റി നമ്മുടെ കുട്ടികള്‍ക്ക്?

തിരുവനന്തപുരം ശ്രീകാര്യത്തെ പതിനേഴുകാരനായ അഭിരാമിന്റെ കൊലപാതകം അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 16 അംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. വിദ്യാർഥികൾക്കിടയിലെ പ്രണയത്തർക്കമാണ് ദാരുണമായ അരുംകൊലയിൽ കലാശിച്ചത്.

ഒന്നാം പ്രതിയുടെ മുൻകാമുകിയും അഭിരാമിന്റെ സുഹൃത്തും തമ്മിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടതാണ് വൈരാഗ്യത്തിന് കാരണമായത്. പ്രതികൾ യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് അഭിരാമിന്റെ സുഹൃത്തിനെയായിരുന്നെങ്കിലും, അയാളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്താൻ വഴങ്ങാത്തതിനെ തുടർന്ന് അഭിരാമിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

പ്ലസ് വൺ വിദ്യാർത്ഥിയായ 17 കാരനെ കൃത്യമായ ആസൂത്രണത്തോടെയാണ് മറ്റൊരു 17 കാരനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് തന്ത്രങ്ങൾ ഉപദേശിച്ചു നൽകിയത് 22 കാരനായ കാപ്പ കേസ് പ്രതിയായിരുന്നു. സംഭവത്തിൽ ഇരുവരുടെയും കാമുകിമാരായ രണ്ട് 18 കാരികൾക്ക് പങ്കുണ്ടെന്നും കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്.

ഒന്നാം പ്രതിയുടെ പെൺസുഹൃത്തെന്ന വ്യാജേന സന്ദേശമയച്ചാണ് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അഭിരാമിനെ വീട്ടിന് പുറത്തേക്ക് വിളിച്ചിറക്കിയത്. ഉറക്കെ നിലവിളിച്ചാൽ പോലും പുറത്തുകേൾക്കാത്ത വിജനമായ കാട്ടുപ്രദേശത്തേക്ക് എത്തിച്ച ശേഷമാണ് താൻ ചതിക്കപ്പെട്ട കാര്യം അഭിരാം അറിയുന്നത്. തുടർന്ന് സുഹൃത്തിനെ വിളിച്ചുവരുത്താൻ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും അയാൾ വരാൻ കൂട്ടാക്കാതിരുന്നതോടെ അഭിരാമിന് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തു മുറുക്കുകയും തലയിലും കഴുത്തിലും അതിദാരുണമായി മർദ്ദിക്കുകയും ചെയ്ത് വൈകിട്ട് അഞ്ചു മണിയോടെ മരണം ഉറപ്പാക്കുകയായിരുന്നു. അഭിരാമിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ചാറ്റ് ചെയ്ത പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ മിസിങ് കേസ് കൊലപാതകമായി മാറുകയായിരുന്നു.

കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളിൽ 17 കാരനെ ജുവനൈൽ ഹോമിലേക്കും മറ്റ് രണ്ടുപേരെ ജയിലിലേക്കും മാറ്റിയിട്ടുണ്ട്. കാപ്പ കേസ് പ്രതിയുടെ കാമുകിക്കും ഗൂഢാലോചനയിൽ അറിവുണ്ടായിരുന്നതായി ഉറപ്പിച്ചിട്ടുണ്ടെന്നും ഇവരെ കേന്ദ്രീകരിച്ച് ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.