Spotlight

ജെൻസെൻ ഹുവാങ്ങുമായി പ്രണയം മാത്രം; ആലീസിനെതിരേ ചാരപ്പണിക്ക് തെളിവില്ല; പക്ഷേ ചോദ്യങ്ങൾ ബാക്കിയാകുന്നു

വാഷിങ്ടൻ: എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ്ങുമായി പ്രണയത്തിലായിരുന്നെന്ന് പറയപ്പെടുന്ന ആലീസ് ഹുവാങ് ചൈനീസ് ചാരസംഘടനയുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ട്. ജെൻസെൻ ഹുവാങ്ങും ആലീസും തമ്മിൽ പ്രണയബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിൽ ചൈനയ്ക്ക് പങ്കില്ലെന്നുമാണ് യുഎസ് ഇന്റലിജൻസിന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജെൻസെൻ ഹുവാങ്ങുമായി ബന്ധമുണ്ടായിരുന്ന കാലത്ത്, അദ്ദേഹത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു നൽകാൻ ചൈനീസ് ചാര ഏജൻസിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എംഎസ്എസ്) ആലീസ് ഹുവാങ്ങിനെ സമീപിച്ചിരുന്നു എന്ന് എഫ്ബിഐ, സിഐഎ, ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ യുഎസ് കോൺഗ്രസിന്റെ ഹൗസ്, സെനറ്റ് ഇന്റലിജൻസ് കമ്മിറ്റികളെ അറിയിച്ചതായി വിവരമുണ്ട്. എങ്കിലും ആലീസ് എംഎസ്എസിന് ദോഷകരമായ വിവരങ്ങൾ കൈമാറി എന്നതിന് തെളിവില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി വാൾ സ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ എന്നിവ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ആലീസ് ഹുവാങ്ങിന്റെ ഭർത്താവായിരുന്ന കാങ് വെയ് എംഎസ്എസ് ഏജന്റായിരുന്നുവെന്നും ചൈനീസ് ഇന്റലിജൻസ് സർവീസുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ യുഎസ് കോൺഗ്രസിനോട് പറഞ്ഞതായി സൂചനയുണ്ട്. യുഎസിന്റെ കരിമ്പട്ടികയിലുള്ള ചൈനീസ് കമ്പനികൾക്ക് എൻവിഡിയയുടെ നൂതന എഐ ചിപ്പുകൾ ലഭിച്ചതിൽ ആലീസിന് എത്രത്തോളം പങ്കുണ്ടെന്ന് പൂർണമായി വ്യക്തമായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, ഏത് വിവരവും ചൈനയ്ക്ക് കൈമാറുന്നത് ആലീസ് ചാരപ്പണി ചെയ്തതിന് തുല്യമാണെന്ന് ചില യുഎസ് ഉദ്യോഗസ്ഥർ വാദിക്കുന്നുണ്ട്. എന്നാൽ എംഎസ്എസുമായുള്ള ആലീസിന്റെ ബന്ധം അപകടകരമല്ലെന്നും ചൈനീസ് ബിസിനസുകാർക്ക് സ്വന്തം രാജ്യത്തെ ദേശീയ സുരക്ഷാ വിഭാഗവുമായി ഇടപെടേണ്ടി വരുന്നത് സാധാരണമാണെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എൻവിഡിയ സിഇഒ, ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിൽ ജെൻസെൻ ഹുവാങ് തിരിച്ചെത്തിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം തുടരും. എൻവിഡിയയും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്.