Featured Oddly News

വേഗം കൂടിയത് വെറും ഒരു കിലോമീറ്റർ, പിഴ 2000 രൂപ! ലൊക്കേഷൻ അറ്റ്‌ലാന്റിക് സമുദ്രത്തിലും! വിചിത്രമായ ചലാനെതിരെ യുവാവ്

യമുന എക്സ്പ്രസ് വേയിൽ അനുവദനീയമായ വേഗപരിധിയേക്കാൾ വെറും 1 കിലോമീറ്റർ വേഗത കൂടിയതിന് യുവാവിന് 2,000 രൂപ പിഴ ലഭിച്ച സംഭവം ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

അനുജീത് ശിവം (@anujitshivam) എന്ന യുവാവാണ് എക്സിലൂടെ (X) ഇക്കാര്യം പങ്കുവെച്ചത്. യമുന എക്സ്പ്രസ് വേയിലൂടെ യാത്ര ചെയ്യുന്നതിനിടെ തനിക്ക് 2,000 രൂപയുടെ ചെലാൻ ലഭിച്ചതായി അദ്ദേഹം കുറിച്ചു. മണിക്കൂറിൽ 100 കിലോമീറ്ററായിരുന്നു അവിടുത്തെ വേഗപരിധി, എന്നാൽ അദ്ദേഹത്തിന്റെ വാഹനത്തിന്റെ വേഗത 101 കിലോമീറ്ററായിരുന്നു. “വെറും 1 കിലോമീറ്റർ/മണിക്കൂർ. അത്രമാത്രം” എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്.

എന്നാൽ ഇതിൽ മറ്റൊരു വിചിത്രമായ കാര്യം കൂടി സംഭവിച്ചിരുന്നു. സ്പീഡ് ക്യാമറയിൽ അദ്ദേഹത്തിന്റെ ലൊക്കേഷനായി രേഖപ്പെടുത്തിയിരുന്നത് 0°N, 0°E എന്നായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തുള്ള ഒരു സ്ഥാനമാണിത്. നോയിഡ ട്രാഫിക് പോലീസിനെയും യുപി ട്രാഫിക് പോലീസിനെയും ടാഗ് ചെയ്തുകൊണ്ട്, “ഇങ്ങനെയാണോ ശരിക്കും റോഡ് സുരക്ഷ നടപ്പിലാക്കുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു. ഇതിന് മറുപടിയായി, ഇ-ചെലാൻ ഹെൽപ്പ്‌ലൈൻ നമ്പറായ 7065060882-ൽ വിളിക്കാൻ നോയിഡ ട്രാഫിക് പോലീസ് അദ്ദേഹത്തോട് നിർദ്ദേശിച്ചു.

ഈ പോസ്റ്റ് വളരെ വേഗം ശ്രദ്ധ നേടുകയും പിഴയെയും എഐ (AI) ക്യാമറകളുടെ പ്രവർത്തനത്തെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. 100 കിലോമീറ്റർ വേഗപരിധി എന്നതിനർത്ഥം കൃത്യം 100 കിലോമീറ്ററിൽ തന്നെ വാഹനം ഓടിക്കണമെന്നല്ലെന്നും, അത് പരമാവധി വേഗതയാണെന്നും അതിനാൽ ഡ്രൈവർമാർ 90 മുതൽ 95 കിലോമീറ്റർ വരെ വേഗതയിൽ പോകുന്നതാണ് നല്ലതെന്നും ഒരാൾ അഭിപ്രായപ്പെട്ടു. “എഐ ക്യാമറകൾക്ക് വികാരങ്ങളോ യുക്തിയോ ഇല്ല. അവ ചിത്രങ്ങളെടുക്കുകയും വേഗതയുടെ അടിസ്ഥാനത്തിൽ പിഴ ചുമത്തുകയുമാണ് ചെയ്യുന്നത്” എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.

മറ്റുചിലർ ഇതിലെ നിയമവശങ്ങളാണ് ചൂണ്ടിക്കാണിച്ചത്. മിക്ക രാജ്യങ്ങളും 10 ശതമാനം വരെ വേഗത വ്യത്യാസം അനുവദിക്കാറുണ്ടെന്നും മോട്ടോർ വാഹന നിയമപ്രകാരം 5 ശതമാനം വരെ ഇളവ് അനുവദനീയമാണെന്നും ഒരാൾ അവകാശപ്പെട്ടു. 101 കിലോമീറ്റർ വേഗതയ്ക്ക് പിഴ ചുമത്തുന്നത് നിയമലംഘനമാണെന്നും, 5 ശതമാനം പരിധിക്കുള്ളിൽ വരുന്നതിനാൽ ഈ പിഴ അടയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. വേഗപരിധിയേക്കാൾ 5 ശതമാനം വരെ കൂടുന്നത് കുറ്റകരമല്ലെന്ന് വ്യക്തമാക്കുന്ന ഒരു അറിയിപ്പും മറ്റൊരു ഉപയോക്താവ് പങ്കുവെച്ചു.

എക്സ്പ്രസ് വേയിലെ വേഗപരിധിയെത്തന്നെ ചിലർ ചോദ്യം ചെയ്തു. എക്സ്പ്രസ് വേയിലെ വേഗപരിധി 120 കിലോമീറ്ററായിരിക്കണമെന്നും, അതില്ലെങ്കിൽ എക്സ്പ്രസ് വേ നിലവാരത്തിലുള്ള ടോൾ പിരിക്കാൻ അധികൃതർക്ക് അവകാശമില്ലെന്നും ഒരാൾ കുറിച്ചു. വേഗതയിലെ ഇളവുകൾ, എഐ ക്യാമറകളുടെ കൃത്യത, 1 കിലോമീറ്റർ വേഗത കൂടിയതിന് പിഴ ചുമത്തുന്നത് ന്യായമാണോ തുടങ്ങിയ വിഷയങ്ങളിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.